കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെ പ്രതി തൂങ്ങി മരിച്ചനിലയില്‍. പ്രതിയായ ബിനുരാജിനെയാണ്(32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ കൊലചെയ്യുന്നത്. വീട്ടില്‍ കയറി വീടിന്റെ ടെറസില്‍ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണ് കൊടുവാളുമായെത്തിയ ബിനുരാജ് നീതുവിനെ ആക്രമിച്ചത്. പൂണിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകാണ് നീതു. ഇവരുടെ വളര്‍ത്തുപുത്രിയാണ് നീതുവിനെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്താണ് വളര്‍ത്തിയത്.
പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് നീതുവും ബിനുരാജും അടുപ്പത്തിലാവുന്നത്. വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുത്ത നീതുവിന് പിന്‍വാങ്ങേണ്ടി വന്നു. പൊലീസ് സ്റ്റേഷനിലെത്തിയ കേസില്‍ നീതുവിന് 18വയസ്സായാല്‍ വിവാഹം കഴിപ്പിക്കാം എന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ നില്‍ക്കാന്‍ വിസമ്മതിച്ച നീതു ബന്ധുവീട്ടിലും ഹോസ്റ്റലിലുമായാണ് താമസിച്ചിരുന്നത്. പിന്നീട് ബിനുരാജില്‍ നിന്ന് നീതു അകലുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ബിനുരാജ് വീട്ടിലെത്തി നീതുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നീതുവിനെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് രക്ഷിക്കാനായില്ല. തുടരെയുള്ള വെട്ടുകളില്‍ നീതുവിന്റെ കഴുത്ത് അറ്റുപോകാറായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യപുത്രി മരിച്ചതിനെ തുടര്‍ന്നാണ് ദമ്പതികള്‍ അനാഥാലയത്തില്‍ നിന്ന് നീതുവിനെ ദത്തെടുക്കുന്നത്. ഇവര്‍ക്ക് നിബു, നോബി എന്നീ രണ്ട് ആണ്‍മക്കള്‍ കൂടി ഉണ്ട്.