X

നീറ്റ് യുജി ക്രമക്കേട്: സർക്കാർ വിശദീകരിക്കണം വേണം; ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ, ഇടക്കാല ഉത്തരവുമായി കോടതി

നീറ്റ് യുജി ക്രമക്കേടിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും എന്‍ടിഎയും കേന്ദ്ര സര്‍ക്കാരും എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നും പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും കോടതി അറിയിച്ചു.

നീറ്റ് ക്രമക്കേട് ഹർജികളിൽ വാദം കേൾക്കുന്ന കോടതി കേന്ദ്ര സർക്കാരിനോടും എൻടിഎയോടും ചോദ്യശരങ്ങൾ എയ്തുവിടുകയായിരുന്നു. ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചത് ആരുടെ കസ്റ്റഡിയിൽ, ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ക്ക് കൈമാറിയത് എന്ന്, ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ചെയ്ത സൗകര്യങ്ങളെന്ത്, ചോദ്യപേപ്പറുകള്‍ പ്രസ് എന്‍ടിഎയ്ക്ക് കൈമാറിയത് എങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. കുറ്റക്കാരെ കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും എന്‍ടിഎയോട് കോടതി ചോദിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ കോടതി കുറ്റക്കാരും ഉപഭോക്താക്കളും ആരെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിലെ ക്രമക്കേട് തടയാന്‍ വിദഗ്ധ സമിതിയെ കേന്ദ്രം നിയോഗിക്കണം. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നതാകണം ഈ വിദഗ്ധ സമിതി. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

webdesk13: