കണ്ണൂര്‍: അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിപ്പിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും. സംഭവം ഗുരുതരമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയപ്പോള്‍ പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കാനാണ് ചില രക്ഷിതാക്കളുടെ തീരുമാനം. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു. സി.ബി.എസ്.ഇയുടെ പ്രാദേശിക ഡയറക്ടറില്‍ നിന്ന് വിശദീകരണവും തേടി. ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയുടെ പേരില്‍ കണ്ണൂരില്‍ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കുഞ്ഞിമംഗലം ടി.ഐ.എസ്.കെ ഇംഗ്ലീഷ് സ്‌കൂളിലും കണ്ണൂര്‍ സെന്‍ട്രല്‍ ആര്‍മി സ്‌കൂളിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ചുമാറ്റിയതായാണ് പരാതിയുയര്‍ന്നത്. ഡ്രസ് കോഡിന്റെ പേരില്‍ പലയിടത്തും കടുത്ത പീഡനം വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. കുഞ്ഞിമംഗലം സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രത്തിലെ ഹൂക്ക് കാരണം ഡിറ്റക്റ്റര്‍ പരിശോധനയില്‍ ശബ്്ദം മുഴങ്ങിയപ്പോള്‍ അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അഴിച്ചുമാറ്റാന്‍ പ്രയാസമാണെന്നും ഇതു ഡ്രസ് കോഡ് പരിധിയില്‍ വരില്ലെന്നും പറഞ്ഞെങ്കിലും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവില്‍ സമീപത്തെ വനിതാ പൊലീസ് പവലിയനില്‍ നിന്നു വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു.കണ്ണൂര്‍ കണ്‍ടോണ്‍മെന്റ് ഏരിയയിലെ ആര്‍മി സ്‌കൂളിലും കടുത്ത പരിശോധനയായിരുന്നു. ഇവിടെ പട്ടാള ചിട്ടയിലുള്ള പരിശോധനയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു. നൂറോളം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചു കളഞ്ഞു. തട്ടം ധരിച്ചു പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ ഹാളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലിയും വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്.
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദനും സെക്രട്ടറി അഡ്വ. പി വസന്തവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അവശ്യപ്പെട്ടു. പരീക്ഷ നിബന്ധനകളുടെ പേരില്‍ സ്ത്രീകളെ അവഹേളിച്ച ഉദ്യോഗസ്ഥരുടെ നടപടി കേരളത്തിന് അപമാനമാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് സംഭവിച്ചതെന്നും അടുത്ത വര്‍ഷം മുതല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും കര്‍ശന നടപടിയുണ്ടാകണമെന്നും മഹിളാസംഘം ആവശ്യപ്പെട്ടു. ദേഹപരിശോധനയുടെ മറവില്‍ നീറ്റ് പരീക്ഷ എഴുതിയ കുട്ടികളോട് ചെയ്ത ക്രൂരതകളെ സംബന്ധിച്ച് സി.ബി.എസ്.ഇ അന്വേഷണം നടത്തണമെന്ന് കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.