X

720ല്‍ 720!, നീറ്റിലെ ഏറ്റവും വലിയ ജയം; പിന്തുണയായി കൂടെ നിന്നത് ഉമ്മ, ഷുഐബ് ആഫ്താബിന്റെ മിന്നും ജയം ഇങ്ങനെ

ന്യൂഡല്‍ഹി: 720 മാര്‍ക്കില്‍ 720 ഉം. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി(നീറ്റ്)ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാര്‍ന്ന ജയത്തോടെ ഷുഐബ് ആഫ്താബ് നടന്നു കയറിയത് ചരിത്രത്തിലേക്ക്. ആദ്യമായാണ് നീറ്റില്‍ ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്നത്.

ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പു തന്നെ ഷുഐബ് വിജയം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ദ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ട ആന്‍സര്‍ കീകള്‍ പരിശോധിച്ചപ്പോഴാണ് മുഴുവന്‍ മാര്‍ക്കും തനിക്കു ലഭിച്ചെന്ന് ഷുഐബ് മനസ്സിലാക്കിയത്. രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥി പരിശീലനം നേടിയിരുന്ന അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥിയുമായി അഭിമുഖം നടത്തുകയും ചെയ്തു. വിജയമധുരത്തിന് പിന്നാലെ ഷുഐബിനായി 720 ഇഞ്ചുള്ള ചോക്കലേറ്റ് കേക്ക് ഉണ്ടാക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മകന്റെ പഠനത്തിനായി ഷുഐബിന്റെ കുടുംബം ഒഡീഷയില്‍ നിന്ന് കോട്ടയിലേക്ക് താമസം മാറുകയായിരുന്നു. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കാണ് ഈ മിടുക്കന്‍ സ്വന്തമാക്കിയിരുന്നത്.

ഷുഐബ് ആഫ്താബ്  (ചിത്രത്തിന് കടപ്പാട് ടൈംസ് നൗ)

നീറ്റ് പരീക്ഷയില്‍ ഒഡീഷയില്‍ നിന്ന് ടോപ്പറാകുന്ന ആദ്യത്തെയാളാണ് ഷുഐബ്. പഠനത്തില്‍ വലിയ മിടുക്കനൊന്നും ആയിരുന്നില്ലെന്ന് വിദ്യാര്‍ത്ഥി ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വേളയില്‍ പിതാവിന് തേലിയ വ്യാപാരത്തില്‍ വലിയ നഷ്ടം സംഭവിച്ചു. അക്കാലത്ത് തന്റെ കോച്ചിങിന് വേണ്ടി കുടുംബത്തിന് മുടക്കാന്‍ പണമുണ്ടാകുമോ എന്നു പോലും ഷുഐബ് ആശങ്കപ്പെട്ടിട്ടുണ്ട്.

‘എന്റെ പിതാവ് കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ആരംഭിച്ചു. എനിക്ക് കോട്ടയിലെ അല്ലന്‍സില്‍ പ്രവേശനവും കിട്ടി. ഒഡീഷയില്‍ നിന്ന് ഉമ്മയും സഹോദരിയും എന്റെ സ്വപ്‌നങ്ങള്‍ക്കായി കോട്ടയിലേക്ക് മാറിത്താമസിച്ചു’ – അവന്‍ പറയുന്നു. പതിനൊന്നാം ക്ലാസില്‍ ജസ്റ്റ് പാസ് ആയിരുന്നു. എന്നാല്‍ പിന്നീട് അല്ലന്‍സിന്റെ സ്‌കോളര്‍ഷിപ്പില്‍ പങ്കെടുത്തു. അതു കിട്ടിയതോടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി. 12-ാം ക്ലാസ് പരീക്ഷയില്‍ അങ്ങെൈന 96 ശതമാനം മാര്‍ക്കു നേടി.

തന്റെ വിജയത്തിന്റെ ക്രഡിറ്റ് എല്ലാം മാതാവിന് സമര്‍പ്പിക്കുകയാണ് ഷുഐബ്. ന്യൂഡല്‍ഹി എയിംസില്‍ പ്രവേശനം നേടുകയാണ് ഈ കൊച്ചുമിടുക്കന്റെ ലക്ഷ്യം. ഇത്തവണ 14.37 ലക്ഷം പേരാണ് സെപ്തംബര്‍ 13ന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. അമ്പത് ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവര്‍ക്കാണ് തുടര്‍പഠന യോഗ്യത

 

 

Test User: