നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഗ്രേസ് മാര്‍ക്കില്‍ ആക്ഷേപമുയര്‍ന്ന 1563 വിദ്യാര്‍ത്ഥികളുടെ നീറ്റ് ഫലം റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരിയാനയിലെ 6 കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലമാണ് റദ്ദാക്കുക. അതേസമയം പ്രവേശന നടപടികള്‍ തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു. ആരോപണങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടിയതായും കോടതി അറിയിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് കോടതി നടപടി.
കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നീറ്റ് ഫലത്തിനെതിരെ വിദ്യാര്‍ത്ഥിനി ശിവാംഗി മിശ്ര അടക്കമുള്ള ഒരു സംഘം നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.