ഡെന്റൽ പിജി പ്രവേശനത്തിന് നീറ്റ് എം‍ഡിഎസ് പരീക്ഷ; അപേക്ഷ ഈ മാസം 30 വരെ

അടുത്ത അധ്യയന വർഷത്തെ എംഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്–എം‍ഡിഎസ് പരീക്ഷയ്ക്ക് (NEET-MDS 2023 : National Eligibility-cum-Entrance Test) ഈ മാസം 30ന് രാത്രി 11.55 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 4250 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 3250 രൂപ. ഒരു അപേക്ഷ മാത്രമേ ‌സമർപ്പിക്കാവൂ. അപേക്ഷ ആവശ്യമെങ്കിൽ ഫെബ്രുവരി 2 മുതൽ 5 വരെ എഡിറ്റ് ചെയ്യാം. പരീക്ഷയുടെ ചുമതല നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് www.nbe.edu.in www.natboard.edu.in പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി www.mcc.nic.in

ബിഡിഎസ് ജയിച്ച് 2023 മാർച്ച് 31ന് എങ്കിലും ഇന്റേൺഷിപ് പൂർത്തിയാക്കി, സംസ്ഥാന ഡെന്റൽ കൗൺസിൽ റജിസ്ട്രേഷൻ നേടാവുന്നവർക്ക് അപേക്ഷിക്കാം. അ‍‍ഡ്മിറ്റ് കാർഡ് 22 മുതൽ ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടറുപയോഗിച്ചുള്ള ടെസ്റ്റ്, മാർച്ച് ഒന്നിന്. ഇന്ത്യൻ ‍‍ഡെന്റൽ കൗൺസിൽ അംഗീകരിച്ച ബിഡിഎസ് സിലബസനുസരിച്ച്, 17 വിഷയങ്ങളിൽ നിന്നുള്ള 240 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾക്ക് 3 മണിക്കൂറിൽ ഉത്തരം അടയാളപ്പെടുത്തണം. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാഫലം 31ന്. 76 പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും ഉൾപ്പെടും. പ്രവേശനാർഹതയ്ക്ക് 50-ാം പെർസെന്റൈലിലെങ്കിലും വരണം.

webdesk13:
whatsapp
line