X

അധിക ചെലവ് 13 കോടി; NEET, JEE പരീക്ഷകള്‍ നടത്താനുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പരീക്ഷക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്.

രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്.

പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാല്‍ ഒരു സെമസ്റ്റര്‍ നഷ്ടമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ.

അതേസമയം, കോവിഡ് ദുരിതത്തിനിടയില്‍ നീറ്റ്‌ജെ.ഇ.ഇ. പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ രാവിലെ 11നാണ് പ്രതിഷേധം.

സാമൂഹിക മാധ്യമങ്ങളിലൂടെ ‘സ്പീക്ക് അപ്പ് ഫോര്‍ സ്റ്റുഡന്റ് സേഫ്റ്റി’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രചാരണവും നടത്തും. എന്‍.എസ്.യു.ഐ. ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരവും നടക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു.

chandrika: