നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എൻ.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.
ഇതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗം സമ്പൂർണ്ണ തകർച്ചയിലേക്കെന്നും ഇതിന്റെ ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് ആവശ്യം.
പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണം സിബിഐക്ക് കൈമാറിയത് നടന്ന സംഭവങ്ങളെ വെള്ളപൂശാനുഉള്ള ശ്രമമാണെന്നും വിമർശനം. ഏകീകൃത നെറ്റ് പരീക്ഷ നിർത്തലാക്കണമെന്നും പരീക്ഷാ നടത്തിപ്പവകാശം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
മോദി സർക്കാരിന് യുവാക്കൾക്കിടയിൽ പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർഥികളുടെ ഭാവിക്ക് ഭീഷണിയെന്ന് രാഹുൽ ഗാന്ധി സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചു. മോദി ഭരണത്തിൽ വിദ്യാർഥികൾ ഭാവിക്കുവേണ്ടി പഠിക്കുകയല്ല പോരാടുകയാണെന്നും രാഹുൽ വിമർശിച്ചു.