X
    Categories: gulfNews

നീറ്റ് പരീക്ഷ സെന്റര്‍ സഊദിയിലും അനുവദിക്കണമെന്ന് കെഎംസിസി

റിയാദ്: നീറ്റ് സെന്റര്‍ സഊദിയിലും നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് കെഎംസിസി. എണ്ണൂറോളം കുട്ടികള്‍ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ അനിവദിച്ചത് പോലെ സഊദിയിലും പരീക്ഷ സെന്റര്‍ അനുവദിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കും എംപിമാര്‍ക്കും സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും അടിയന്തര സന്ദേശം അയച്ചതായി കെഎംസിസി നേതാക്കള്‍ അറിയിച്ചു. 2013ല്‍ സഊദിയില്‍ നീറ്റ് സെന്റര്‍ അനുവദിച്ചിരുന്നത് ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. യാത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ റെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് .

കോവിഡ് പ്രതിസന്ധിയില്‍ യാത്രാ സൗകര്യം പ്രതികൂലമായതിനാല്‍ സഊദിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷക്ക് ഹാജരാകാന്‍ നാട്ടിലെ സെന്ററുകളില്‍ എത്തുക അസാധ്യമാണ്. നാട്ടിലേക്ക് പോയാല്‍ തന്നെ തിരിച്ചു വരാന്‍ യാത്രാവിലക്ക് മൂലം കഴിയില്ല . പരീക്ഷ എഴുതുന്ന കുട്ടികളില്‍ അധികവും 18 വയസിന് താഴെയുള്ളവരായതിനാല്‍ കോവിഡ് കാലയളയവില്‍ ഒറ്റക്കുള്ള യാത്ര അപ്രായോഗികവും മടങ്ങി വരാന്‍ മറ്റു രാജ്യങ്ങളെ ആശ്രയിച്ചാല്‍ തന്നെ അവിടെ വിസിറ്റ് വിസ ലഭിക്കണമെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുണ്ട്. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മടക്ക യാത്ര അസാധ്യമായതിനാല്‍ തന്നെ സഊദിയില്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഗൗരവ പൂര്‍വം പരിഗണിക്കണമെന്ന് കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട് , സി പി മുസ്തഫ എന്നിവര്‍ ബന്ധപെട്ടവര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റു രാജ്യങ്ങളെക്കാളും യാത്ര പ്രതിസന്ധി നേരിടുന്നത് സഊദിയിലാണ് . കുവൈറ്റിനും യു എ ഇ ക്കും അനുവദിച്ച സാഹചര്യത്തില്‍ സഊദിയെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു . ഈ രാജ്യങ്ങളിലേക്കും യാത്ര വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അവടെ പോയി പരീക്ഷക്കിരിക്കാനും സാധിക്കില്ല. ജീ പരീക്ഷ വിജയകരമായി നടക്കുന്നതിനാല്‍ നീറ്റ് പരീക്ഷക്കും മറ്റു തടസ്സങ്ങളൊന്നും സഊദിയില്‍ നിലവിലില്ല. മത്സര പരീക്ഷകള്‍ നടത്താന്‍ സജ്ജമായ അനവധി സ്ഥാപങ്ങള്‍ രാജ്യത്ത് ലഭ്യമാണ്. സഊദിയിലെ ഇന്ത്യന്‍ മിഷന്‍ വഴി ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ചോദ്യപേപ്പര്‍ എത്തിക്കുവാനും സാധ്യവുമാണ്. അതുകൊണ്ട് തന്നെ നീറ്റ് പരീക്ഷ സഊദിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പങ്കെടുക്കാവുന്ന് വിധം പരീക്ഷ സെന്റര്‍ തലസ്ഥാന നഗരിയായ റിയാദിനെ ഉള്‍പ്പെടുത്തണമെന്നും അഷ്‌റഫ് വേങ്ങാട്ടും സി പി മുസ്തഫയും ആവശ്യപ്പെട്ടു

web desk 1: