ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്നാവിശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്.
നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടണമെന്നായിരുന്നു ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന്‍ ഉടന്‍ തയ്യാറാകും എന്ന് വ്യക്തമാക്കിയതായും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി ഹാജര്‍ ആയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന്, നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നീരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി വിദ്യാര്‍ഥികളുടെ ഹര്‍ജി തളളിയത്. കോടതി മുറികള്‍ പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അവസാനം തീരുമാനിച്ചത്. എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.