വാഷിങ്ടണ്‍: ജോ ബൈഡന്റെ സംഘത്തില്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് (ഒഎംബി) ഡയറക്ടറായി നീര ടാണ്ടന്‍ ആണ് നിയമിതയായത്. ഒഎംബി മേധാവിയാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് അമ്പതുകാരിയായ നീര. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ടതുണ്ട്.
ഭരണത്തില്‍ കാബിനറ്റ് റാങ്കുള്ള പദവിയാണിത്. നയം, ബജറ്റ്, മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പ്രസിഡണ്ടിനെ സഹായിക്കുകയാണ് ഒഎംബിയുടെ ജോലി.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ മോദി സര്‍ക്കാറിനെതിരെ ശക്തമായി സംസാരിച്ച വ്യക്തി കൂടിയാണ് നീര. മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.
മോദി സര്‍ക്കാറിന്റെ നയങ്ങള്‍ മൂലം സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. തെറ്റു തിരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ എല്ലാം കണ്‍മുമ്പില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്- എന്നായിരുന്നു ഡല്‍ഹി കലാപത്തില്‍ അവരുടെ കുറ്റപ്പെടുത്തല്‍. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു ഡല്‍ഹി കലാപം അരങ്ങേറിയത്.
1970 സെപ്തംബര്‍ 10ന് മസാചുസറ്റ്‌സിലെ ബെഡ്‌ഫോര്‍ഡിലാണ് നീര ടാണ്ടന്റെ ജനനം. ഇന്ത്യയ്ക്കാരായിരുന്ന മാതാപിതാക്കള്‍ ഇവര്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ വേര്‍പിരിഞ്ഞു. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. യേല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമബിരുദവും നേടി. 1992ല്‍ ബ്ലില്‍ ക്ലിന്റ്‌ന്റെയും 2008ല്‍ ബറാക് ഒബാമയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു.
അതിനിടെ, ജോ ബൈഡന്റെ മോശം തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് നീര ടാണ്ടന്‍ എന്ന് റിപ്പബ്ലിക്കുകള്‍ കുറ്റപ്പെടുത്തി. മുന്‍ ഭരണകാലത്ത് ട്രംപിന്റെ നിരന്തര വിമര്‍ശക കൂടിയായിരുന്നു ഇവര്‍. റിപ്പബ്ലിക്കന്‍ അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.