നൈപ്പിഡോ: വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂചിയെ തലസ്ഥാനമായ നൈപ്പിഡോയിലെ ഏകാന്ത തടവറയിലേക്ക് മാറ്റി. ക്രിമിനല്‍ നിയമപ്രകാരമാണ് അവരെ ജയിലിലേക്ക് മാറ്റിയതെന്ന് സൈനിക ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരി ഒന്നിന് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനിക നേതൃത്വം ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് 77കാരിയായ സൂചി അറസ്റ്റിലായത്.
ആദ്യം വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന അവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിചാരകരുടെ സഹായത്തോടെയാണ് സൂചി അവിടെ കഴിഞ്ഞിരുന്നത്. നൊബേല്‍ ജേതാവായ അവരെയും അനുയായികളെയും ഭീഷണിപ്പെടുത്തുകയാണ് സൈനിക നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. അഴിമതിയടക്കം നിരവധി കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവയില്‍ ചിലത് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മുന്‍ പട്ടാള ഭരണകൂടത്തിന്റെ കാലത്ത് 15 വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചിരുന്നു.