X

സന്തോഷ് ട്രോഫി സെമി കാണാന്‍ ജയം വേണം; കേരളത്തിന് നിര്‍ണായകം

ഭുവനേശ്വര്‍: സഊദി അറേബ്യയിലേക്ക് സന്തോഷ് ട്രോഫി സെമി ഫൈനല്‍ കളിക്കാന്‍ കേരളം പോവുമോ..? ചോദ്യത്തിനുത്തരം ഇന്ന് വൈകീട്ട് ലഭിക്കും. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ യില്‍ ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന അവസാന മല്‍സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ മാത്രമാണ് കേരളത്തിന് സഊദിയിലെത്താനുള്ള സാധ്യത തെളിയു. നാല് മല്‍സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. അവരെ തോല്‍പ്പിക്കുക എളുപ്പവുമല്ല. അവരെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് പത്ത് പോയിന്റാവും.

അതേ സമയം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടക ഇന്ന് ഒഡിഷക്കെതിരെ കളിക്കുന്നുണ്ട്. ഒഡീഷയെ തോല്‍പ്പിച്ചാല്‍ കര്‍ണാടകക്ക് പതിനൊന്ന് പോയിന്റാവും. അവര്‍ സെമി ഫൈനല്‍ കളിക്കും. കേരളവും പഞ്ചാബും തമ്മില്‍ പോയിന്റ് നിലയില്‍ തുല്യത വന്നാല്‍ ഗോള്‍ ശരാശരിയാണ് പ്രധാനം. നിലവില്‍ പഞ്ചാബാണ് ഇക്കാര്യത്തില്‍ മുന്നില്‍. ചരിത്രത്തില്‍ ആദ്യമായി സന്തോഷ് ട്രോഫി സെമി ഫൈനലുകളും ഫൈനലും റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയത്തിലാണ് നടക്കാന്‍ പോവുന്നത്. ഈ വേദി ഉപയോഗപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്നു കേരളാ സംഘം.

പക്ഷേ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് ഇത് വരെ ജയിക്കാനായത്. ആദ്യ മല്‍സരത്തില്‍ ഗോവയെയും അവസാന മല്‍സരത്തില്‍ ഒഡീഷയെയും തോല്‍പ്പിച്ച കേരളം പക്ഷേ കര്‍ണാടകയോട് തോറ്റിരുന്നു. മഹാരാഷ്ട്രക്കെതിരെ സമനിലയും വഴങ്ങി. ഇതാണ് തിരിച്ചടിയായത്. ഇനിയിപ്പോള്‍ ഭാഗ്യം മാത്രമാണ് രക്ഷ… പഞ്ചാബിനെ തോല്‍പ്പിക്കണം. കര്‍ണാടകയുടെ മല്‍സര ഫലത്തിനായി കാത്തിരിക്കണം.

 

 

webdesk11: