ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസിലെ കോടീശ്വരന്‍ രംഗത്ത്.
അമേരിക്കയിലെ പ്രമുഖ വ്യവസായി ടോം സ്‌റ്റെയറാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റും ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു ജനങ്ങള്‍ കത്തെഴുതണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
പരസ്യ രൂപേണയാണ് ടോം സ്‌റ്റെയര്‍ രംഗത്തുവന്നത്. ഇംപീച്ച് ചെയ്യേണ്ട കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം പ്രചരിപ്പിക്കുന്നത്.
ഇംപീച്ച്‌മെന്റിന് ടോം പറയുന്ന കാരണങ്ങള്‍
- അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു.
- വിദേശ സര്‍ക്കാറുകളില്‍ നിന്ന് പണം വാങ്ങുന്നു
- സത്യം വെളിപ്പെടുത്തുന്ന മാധ്യമങ്ങളെ വിലക്കുന്നു
- എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു
- പ്രസിഡന്റ് അപകടകാരിയാണ്. മാനസിക വിഭ്രാന്തിയുള്ള ആളാണ്.
നീഡ് ടു ഇംപീച്ച് എന്ന വെബ്‌സൈറ്റ് വഴിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കുന്നതിന് ടോം പിന്തുണ തേടുന്നത്. ട്രംപിനെ പോലൊരാളെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിലകൊള്ളാന്‍ അനുവദിക്കുന്നതിന് കോണ്‍ഗ്രസിലെ അംഗങ്ങളെയും ടോം രൂക്ഷമായി വിമര്‍ശിക്കുന്നു. ട്രംപിനെ നീക്കുന്നതിന് ഒരു കോടി ഡോളര്‍ സംഭാവനയും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ടോം വാഗ്ദാനം ചെയ്യുന്നുണ്ട്.