പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം
ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്ത മുട്ടക്കും പാലിനും ഫണ്ടു നല്‍കിയില്ലെന്ന് ആക്ഷേപം. എട്ട് ആഴ്ചകളിലായി വിതരണം ചെയ്ത 2.36 കോടി മുട്ടയുടെ പണമാണ് നല്‍കാനുള്ളത്. അതിനിടയില്‍ സംസ്ഥാനത്തെ അംഗന്‍വാടികളിലെ കുട്ടികള്‍ക്കു മുട്ടയും പാലും തേനും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കിയ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അതോടൊപ്പം തങ്ങള്‍ക്ക് നല്‍കാനുള്ള തുക നല്‍കണമെന്നുമാണ് കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ കമ്മിറ്റികളും പ്രധാനാധ്യാപകരും ആവശ്യപ്പെടുന്നത്.
നിലവില്‍ 29.5 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണം കഴിക്കുന്നത്. ഇവര്‍ക്കെല്ലാം മുട്ടയും പാലും വിതരണം ചെയ്യുന്നുണ്ട്. ആഴ്ചയില്‍ 2 ദിവസം പാലും (300 മില്ലി) ഒരു ദിവസം മുട്ടയുമാണ് നല്‍കി വരുന്നത്. ഇതുപ്രകാരം ഈ അധ്യയന വര്‍ഷം 8 ആഴ്ചകളിലായി മൊത്തം 2.36 കോടി മുട്ടകള്‍ കുട്ടികള്‍ക്കു നല്‍കി.
എന്നാല്‍, ഇന്നലെ വരെ സര്‍ക്കാര്‍ ഇതിന്റെ പണം സ്‌കൂളുകള്‍ക്കു നല്‍കിയിട്ടില്ല. പാലിന്റെ പണവും കിട്ടിയിട്ടില്ല. അതത് പ്രദേശത്തെ കടകളില്‍ നിന്നും കടം പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ ഇത്രയധികം മുട്ടകള്‍ വാങ്ങുന്നത്. സാധാരണനിലയില്‍ ഓരോ മാസവും കഴിയുമ്പോള്‍ പണം ലഭിക്കുക പതിവാണ്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ സാമ്പത്തിക പ്രയാസം പറഞ്ഞ് ഫണ്ട് നല്‍കുന്നത് വൈകിപ്പിക്കുകയാണ്. ഇത്തവണ രണ്ടാം മാസവും പണം വന്നിട്ടില്ല. പാചകത്തൊഴിലാളികളുടെ കൂലിയും 2 മാസമായി കിട്ടിയിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആറു വര്‍ഷം മുമ്പുള്ള അതേ നിരക്കില്‍ തന്നെയാണ് ഇന്നും ഭക്ഷണ വിതരണം. 2016ലെ നിരക്കനുസരിച്ച് ഇപ്പോഴും ഒരു കുട്ടിക്ക് ദിവസം 8 രൂപയാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്.