X

യൂണിവേഴ്സ്റ്റി കോളജിലെ കാര്യങ്ങള്‍ അതീവ ഗുരുതരം, ഉത്തരവാദിത്തം സിപിഎമ്മിന്; ചരിത്രം ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ചാണ്ടി

കേരള യൂണിവേഴ്സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ സംസ്ഥാനത്തിന് ആകെ അപമാനകരമാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കക്ഷിയായ സി.പി.എമ്മിന് ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗംകൂടിയായ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകള്‍ യൂണിവേഴ്സ്റ്റി കോളേജിലെ എസ്.എഫ്.ഐ ഓഫീസിലും പ്രവര്‍ത്തകരുടെ വീടുകളിലും യൂണിവേഴ്സിറ്റ് എക്സാം പേപ്പറുകള്‍ കിട്ടിയിരിക്കുന്നു. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍ക്കുകയാണ് ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ട്.
സര്‍ക്കാര്‍ കോളേജുകളിലെ അഡ്മിഷന്‍ സംവിധാനം കേരളത്തില്‍ കുറ്റമറ്റ രീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതി അഡ്മിഷനില്‍ മെറിറ്റ് ഇല്ലാത്ത ആളുകളും കടന്നുകൂടിയിരിക്കുന്നു. മെറിറ്റിനെ മറികടക്കാന്‍ ചില തന്ത്രങ്ങള്‍ ചെയ്തിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

1992ല്‍ യൂണിവേഴ്സിറ്റി കോളജില്‍ പല അരുതാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പൂര്‍ണ്ണമായ പിന്തുണയോടുകൂടി ആ വര്‍ഷത്തെ തന്നെ ബജറ്റില്‍ യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തൊരു പുതിയ ഗവണ്‍മെന്റ് കോളേജ് തുടങ്ങി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ച കാര്യവും ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

കാര്യവട്ടത്ത് യൂണിവേഴ്സിറ്റി കേളജിനുള്ള സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള ഡിഗ്രി കോളേജ് തുടങ്ങുന്നതിനുളള നടപടിയാണ് ആരംഭിച്ചത്. യൂണിവേഴ്സിറ്റി കോളേജ് കൂടുതല്‍ വളര്‍ച്ചയോടുകൂടി വിദ്യാഭ്യാസ രംഗത്തെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കാനാണ് തീരുമാനിച്ചത്. ഏതാണ്ട് 18 വിഷയങ്ങളില്‍ എം.ഫിലും പിഎച്ച്.ഡിയും തുടങ്ങുന്നതിനുള്ള സൗകര്യത്തോടുകൂടി എല്ലാ സംവിധാനങ്ങളും ഒരുക്കി. അപ്പോള്‍ യൂണിവേഴ്സിറ്റി കോളജ് സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തുക. അവിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരമാവധി സൗകര്യങ്ങല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുക. ഡിഗ്രി കോളേജ് കാര്യവാട്ടത്ത് തുടങ്ങുക. എന്നാല്‍ 96 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അതുമാറ്റി കാര്യവാട്ടത്തെ കോളേജ് നിലനിര്‍ത്തിക്കൊണ്ട് ഡിഗ്രി ക്ലാസുകള്‍ ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് വളരെ അപമാനകരമായ സംഭവങ്ങള്‍. 187 കുട്ടികള്‍ ടി.സി വാങ്ങിപ്പോകുക, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുക എന്നിവ കൂടാതെ നിരവധി അക്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുന്നു.
യൂണിവേഴ്സിറ്റി കോളജിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ യുഡി.എഫ് കൈക്കൊണ്ട നടപടികളെയും മാര്‍ക്സിറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്.എഫ്.ഐ പരാജയപ്പെടുത്തുകയാണുണ്ടായത്. അതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

chandrika: