X
    Categories: indiaNews

ഇന്ധനം വേണോ; പുക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.) കാണിക്കണമെന്ന് ഡല്‍ഹി ഗതാഗത വകുപ്പ്. തണുപ്പ് കാലത്തിന് മുന്നോടിയായി വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കാലാവധിയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കുന്നതിനെതിരേ പ്രചാരണ പരിപാടി നടത്തുന്നുണ്ട്.

പെട്രോള്‍ പമ്പുകളില്‍ അമ്പത് സംഘങ്ങളെ ഗതാഗതവകുപ്പ് നിയോഗിക്കും. ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പരിശോധിക്കാനാണിത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തുന്നതിന് പകരം ആദ്യഘട്ടത്തില്‍ അവരെ പുക പരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമത്തിലെ 190(2) വകുപ്പ് പ്രകാരം ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

മൂന്ന് മാസത്തേയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ ബസും മെട്രോയും പോലുള്ള പൊതുഗതാഗതം പരമാവധി ഉപയോഗിക്കണം. സ്വന്തം കാറുകള്‍ ഒഴിവാക്കി മറ്റുള്ളവരുമായി സഹകരിച്ച് കാര്‍ പൂളും നടപ്പാക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വന്തം വാഹനം ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സഹായകമാവും. ഡല്‍ഹി സര്‍ക്കാര്‍ ഹരിത ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.

ധനകാര്യ മന്ത്രാലയവുമായി കേന്ദ്രം കൂടിയാലോചനയില്‍;പെട്രോള്‍ വില വിമാന ഇന്ധന വിലയേക്കാള്‍ കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വര്‍ധവ് പിടിച്ചു നിര്‍ത്തുന്നതിനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവ് പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ ബി.ജെ.പിക്കും കേന്ദ്രത്തിനും അത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ആലോചന.

രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില സര്‍വകാല റെക്കോഡിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും എണ്ണ വിലയില്‍ കുറവ് വരുത്തണമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വെക്കുന്നവയിലൊന്ന്. ക്രൂഡ് ഓയില്‍ വില അടുത്ത നാലു മൂന്നു മാസത്തേക്ക് ബാരലിന് 70 ഡോളര്‍ നിരക്കില്‍ നില്‍ക്കുമെന്നും ഇതിനനുസൃതമായി വില പിടിച്ചു നിര്‍ത്താനാവുമെന്നുമാണ് കേന്ദ്രം കണക്കു കൂട്ടുന്നത്.

പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 105.84 രൂപയും ഡീസലിന് 94.57 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 111.77 രൂപയും ഡീസലിന് 102.52 രൂപയുമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108 രൂപയും ഡീസലിന് 101.70 രൂപയുമാണ്. രാജ്യത്ത് പെട്രോള്‍ വില വ്യോമയാന ഇന്ധനത്തേക്കാളും 33 ശതമാനം കൂടുതലാണ്.

വ്യോമയാന ഇന്ധനത്തിന് ഡല്‍ഹിയില്‍ കിലോ ലിറ്ററിന് 79020.1 രൂപയാണ് വില. ലിറ്ററിന് 79 രൂപയാണ് വ്യോമയാന ഇന്ധനത്തിന് വരുന്നത്. അതേ സമയം പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ യാതൊരു നീക്കവും നിലവിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ എണ്ണവില വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രിയും ടി.എം.സി നേതാവുമായി യശ്വന്ത് സിന്‍ഹ രംഗത്തെത്തി.

നമ്മുടേത് മരിച്ച ജനതയുടെ രാജ്യമാണെന്നും മറ്റൊരു രാജ്യത്തും ഇത്തരത്തില്‍ നീതീകരിക്കാനാവാത്ത വില വര്‍ധന സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണയുടെ പേരില്‍ ജനത്തെ പിഴിഞ്ഞ് 3.50 ലക്ഷം േേകാടി രൂപയാണ് പിരിക്കുന്നത്. ഇത് പകല്‍വെളിച്ചത്തിലെ പിടിച്ചുപറിയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Test User: