ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഗണിച്ച് പ്രസ്താവന നടത്തിയ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ് മോദി. എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്.-അയ്യര്‍ ചോദിച്ചു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി അംബേദ്കര്‍ നല്‍കിയ സംഭാവനകളെ മോദി പ്രശംസിച്ചിരുന്നു. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നും നെഹ്‌റുവിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞതാണ് അയ്യരെ ചൊടിപ്പിച്ചത്. രാജ്യത്തിന് നിരവധി സംഭാവനകള്‍ ചെയ്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരമായി അധിക്ഷേപിക്കുകയാണെന്നും സംസ്‌കാരമില്ലാത്ത ഇത്തരം പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും കോണ്‍ഗ്രസ് പുറത്താക്കി. പ്രധാനമന്ത്രിയെ തരംതാഴ്ന്നവനെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അയ്യര്‍ മോദിയോട് മാപ്പുപറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അയ്യരുടെ പ്രസ്താവന ഗുജറാത്ത് ജനതക്കെതിരാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമവുമായി മോദി രംഗത്തെത്തി. ഇതിന് ഗുജറാത്ത് ജനത ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനോട് പ്രതികരിക്കേണ്ടതില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ല. വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയും. തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ. ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത്’- സൂറത്തില്‍ നടന്ന ബി.ജെ.പി റാലിയില്‍ മോദി ചോദിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദിയെ ‘ചായക്കാരന്‍’ എന്ന് മണിശങ്കര്‍ ആക്ഷേപിച്ചതും വിവാദമായിരുന്നു.