X

നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം രംഗത്ത്

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ കുടുംബം രംഗത്ത്. എസ്.പി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

നെടുങ്കണ്ടം പൊലീസ് രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ 12ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാഗമണ്‍ കോലഹലമേട്ടിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. തട്ടിച്ച പണം എവിടെ വെച്ചുവെന്ന് ചോദിച്ച് രാജ് കുമാറിനെ വീടിനടുത്തിട്ട് തടി കഷ്ണം പോലുള്ള വസ്തുകൊണ്ട് മര്‍ദിച്ചു. മൃതദേഹം വീട്ടിലവെത്തിച്ചപ്പോള്‍ പല്ല് പൊട്ടിയിരുന്നുവെന്നും അമ്മ കസ്തൂരി പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. പ്രാഥമികമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും നിഗമനത്തില്‍ എത്താനാകൂ. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വീസില്‍ നിന്ന് ഉണ്ടാകില്ലെന്ന് തറപ്പിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

chandrika: