X

നെടുങ്കണ്ടം കസ്റ്റഡി മരണം മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍


നെടുങ്കണ്ടം ഫൈനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ റോയി പി. വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം മുന്‍ എസ്.ഐ കെ.എ സാബു, എ.എസ്.ഐ സി.ബി. റെജിമോന്‍, പോലീസ് ഡ്രൈവര്‍മാരായ പി.എസ്. നിയാസ്, സജീവ് ആന്റണി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ മാസം 12 മുതല്‍ 16 വരെ രാജ്കുമാര്‍ കസ്റ്റഡിയില്‍ ആയിരുന്ന ദിവസങ്ങളില്‍ സ്‌റ്റേഷന്‍ റൈറ്റര്‍ ആയിരുന്നപ്പോള്‍ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മറച്ച് വെച്ചു, പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് തയാറായില്ല തുടങ്ങിയ കാരണങ്ങളാണ് റോയി പി. വര്‍ഗീസിന് എതിരെയുള്ളത്. സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജയിംസ് എന്നിവര്‍ ഈ ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്തിരുന്നു. ഇവര്‍ രാജ്കുമാറിനെ മര്‍ദിക്കാന്‍ കൂട്ടുനിന്നതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് മൂന്ന് പേരെയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രാത്രി വൈകി പ്രതികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ മുന്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ നെടുങ്കണ്ടം എസ്.ഐ അടക്കം എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത രണ്ട് പേരെയാണ് ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

web desk 1: