X

നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ രണ്ട് മണിക്ക്‌

അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മ്യതതേഹം വൈകിട്ടോടെ വീട്ടില്‍ എത്തിച്ചു. രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക.

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.നായകന്‍, വില്ലന്‍, സഹനടന്‍, അച്ഛന്‍, അപ്പൂപ്പന്‍ തുടങ്ങി വ്യത്യസ്ത വേഷങ്ങളില്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു അദ്ദേഹം.ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ 1948 മെയ് 22നാണ് ജനനം. സ്‌കൂള്‍ അധ്യാപകനായിരുന്ന പികെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയവനായിരുന്നു കെ വേണുഗോപാലന്‍ എന്ന നെടുമുടി വേണു.

നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്ഡി കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു.ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം.

 

Test User: