യന്ത്ര തകരാറിലായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാർ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടർന്ന് റദ്ദാക്കിയത്.
ദുബായിലെ ചില സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് വിമാനം ഇന്ന് പുലർച്ചെയാണ് നെടുമ്പാശേരിയിലെത്തിയത്. 152 പേരാണ് ഈ വിമാനത്തിൽ ദുബായിലേക്ക് പോകേണ്ടിയിരുന്നത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ തകരാർ പരിഹരിക്കാനാകാതെ വന്നതോടെ വിമാനം റദ്ദാക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ബഹറിനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് എയർഇന്ത്യ അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. ജൂൺ 12 തിങ്കളാഴ്ച രാത്രി 11.45ന് ബഹറിനില്‍ നിന്ന് തിരിച്ച് പുലര്‍ച്ചെ 5.05ന് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എഐ 940 വിമാനമാണ് മുന്നറിയിപ്പുകളൊന്നും നല്‍കാതെ റദ്ദാക്കിയത്.
അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ യാത്ര പുറപ്പെടാനായി മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരുടെ ഉള്‍പ്പെടെ യാത്ര മുടങ്ങി. അത്യാവശ്യ കാര്യങ്ങൾക്കായി ഡൽഹിയിൽ എത്താനിരുന്ന ചിലർ അമിത നിരക്ക് നൽകി മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ ഭൂരിഭാഗം യാത്രക്കാരും അന്ന് ബഹറിനിൽ കുടുങ്ങി.