X

നെടുമ്പാശ്ശേരിയില്‍ വിമാനങ്ങളുടെ ലാന്റിങ് നിര്‍ത്തി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്റിങ് നിര്‍ത്തി. ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് വിമാനം ഇറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഇന്ന് ഉച്ചക്ക് 1.10 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് വിമാന സര്‍വീസ് നിര്‍ത്തി വെച്ചത്. വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു.

ട്രയല്‍ റണ്‍ ആരംഭിച്ചതോടെ അണക്കെട്ടില്‍ നിന്നൊഴുകുന്ന വെള്ളം വിമാനത്താവളത്തോട് ചേര്‍ന്നൊഴുകുന്ന പെരിയാറിലൂടെയാണ് കടലിലേക്ക് എത്തുക. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടില്ല. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി വിമാനങ്ങളുടെ ലാന്റിങ് അനുവദിക്കുകയുള്ളൂ.

chandrika: