കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് പാര്‍ക്കിങ് ബേയ്ക്കു സമീപം തെന്നിമാറിയത്. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം സമീപത്തെ കാനയില്‍ കുടുങ്ങുകയായിരുന്നു. റണ്‍വെയില്‍ നിന്ന് അകലെയാണ് അപകടം നടന്നതിനാല്‍ മറ്റ് സര്‍വീസുകളെ ബാധിച്ചിട്ടില്ല. വിമാനത്തിലുള്ള എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 452 വിമാനം 2.40 നാണ് ലാന്‍ഡ് ചെയ്തത്. റണ്‍വെയ്ക്കും ഏപ്രണിനും (പാര്‍ക്കിങ് സ്ഥലം) ഇടയ്ക്കുള്ള ടാക്സി വേയില്‍ നിന്ന് നീങ്ങവെയാണ് അപകടമുണ്ടായത്. ടാക്സിവേയും ഏപ്രണിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് പാതയിലാണ് അപകടം. ഇവിടെ യഥാര്‍ത്ഥ ദിശയില്‍ നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിഞ്ഞതാണ് അപകടകാരണം. ഇതോടെ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ കാനയില്‍ കുടുങ്ങി. 102 യാത്രക്കാരുണ്ടായിരുന്നു. ഇവരെ ലാഡറിലൂടെ പുറത്തെത്തിച്ചു. അപകടത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചിട്ടുണ്ട്. കേടുപറ്റിയ വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തേണ്ടതുണ്ട്. സിയാലിന് സര്‍വസജ്ജമായ എയര്‍ക്രാഫ്റ്റ് റിക്കവറി ടീമുണ്ട്. വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് എല്ലാ സഹായവും സിയാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നെടുമ്പാശ്ശേരിയില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി
Tags: Nedumbassery