നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രചാരക് പിടിയില്‍

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് പ്രചാരക് പ്രവീണ്‍ പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണിനെ ഞായറാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പിടികൂടാന്‍ വൈകുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് ആനാട് വച്ച് എസ്.ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയത്. അഞ്ച് തവണയാണ് ഇയാള്‍ ബോംബ് എറിഞ്ഞത്. പൊലീസുകാരും ജനങ്ങളും ഓടി മാറിയതുകൊണ്ട് അത്യാഹിതം സംഭവിച്ചില്ല. മേലാംകോട് ഇടറോഡിലൂടെ എത്തിയ ഇയാള്‍ പ്ലാസ്റ്റിക് കവറില്‍ നിന്ന് ബോംബുകള്‍ എടുത്ത് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

chandrika:
whatsapp
line