രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ റീപോസ്റ്റ്‌മോര്‍ട്ടത്തിലൂടെ പുറത്തു വന്നു. ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്താത്ത കൂടുതല്‍ പരിക്കുകള്‍ റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്.
കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കും മൃതദേഹത്തിലുണ്ട്. നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നില്‍ പരിക്കുകളുണ്ട്. ഈ പരിക്കുകള്‍ മരണകാരണമായേക്കാമെന്ന് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്‍ദ്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ വച്ചാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പാലക്കാട്ടു നിന്നുള്ള ഡോ. പി ബി ഗുജ്‌റാള്‍, കോഴിക്കോട്ട് നിന്നുള്ള ഡോ. കെ പ്രസന്നന്‍, ഡോ. എ കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ജുഡീഷ്യല്‍ പ്രതിനിധികള്‍, ഇടുക്കി ആര്‍ഡിഒ, ഫോറന്‍സിക് സര്‍ജന്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍.