ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം സ്‌റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് മദ്രാസ് ഹൈക്കോടതി മെയ് 24ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രിം കോടതി തടഞ്ഞു. ഈ മാസം 26ന് മുന്‍പു ഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്. പരീക്ഷാ ഫലം സ്റ്റേ ചെയ്യുന്നതിലൂടെ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനമെടുക്കരുതെന്നും സുപ്രിം കോടതി അറിയിച്ചു. സിബിഎസ്ഇയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ വിധി.
മദ്രാസ്, ഗുജറാത്ത് ഹൈക്കോടതികള്‍ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്തത് ചോദ്യം ചെയ്തു കൊണ്ടു സിബിഎസ്ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ രാജ്യത്തെ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. പ്രവേശനത്തെയും തുടര്‍ന്നുള്ള നടപടി ക്രമങ്ങളെയും ഇതു ബാധിക്കും എന്നതാണ് സുപ്രിം കോടതി ഉന്നയിക്കുന്ന പ്രശ്‌നം. 11 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഒരു പോലെയായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞത്. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്നായിരുന്നു ആരോപണം.
എന്നാല്‍, ഹര്‍ജിക്കാരുടെ ആരോപണം സിബിഎസ്ഇ നിഷേധിച്ചു. പ്രാദേശിക ഭാഷയിലെ ചോദ്യകടലാസ് ഇംഗ്ലീഷ് ഭാഷയിലെ ചോദ്യകടലാസുകളെക്കാള്‍ എളുപ്പമുള്ളതാണെന്ന ആരോപണം സിബിഎസ്ഇ തള്ളികളഞ്ഞു. എന്നാല്‍, എട്ട് പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ ചോദ്യപേപ്പറുകളാണ് ലഭിച്ചത്. 11,38,890 വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്.