കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 6116 എന്‍.ഡി.പി.എസ്. കേസുകള്‍ എക്‌സൈസ് വകുപ്പ് മാത്രം കണ്ടെത്തിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പുമന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഈ കേസുകളില്‍ ഉള്‍പ്പെട്ട 6031 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പോലീസ് ഈ വര്‍ഷം 25240 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 29514 പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ മയക്കു മരുന്നുകേസുകളില്‍ സ്ഥിരം കുറ്റവാളികളായ 228 പ്രതികള്‍ക്കെതിരെ ജകഠചഉജട അഇഠ പ്രകാരം നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2023 ജനുവരി മാസത്തില്‍ മാത്രം പോലീസ് 1469 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ല്‍പുകയില ഉല്പന്നങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട 86114 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട 38424 കി. ഗ്രാം പുകയില ഉല്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തിട്ടുമുണ്ട്. ഇതിലൂടെ 1 കോടി 70 ലക്ഷം രൂപ ഫൈന്‍ ഇനത്തില്‍ ഈടാക്കി. ലഹരിക്കെതിരായി സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞ പ്രചരണ പരിപാടികള്‍ക്കും എന്‍ഫോഴ്‌സ് മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം തന്നെ ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സഹകരിച്ചു കൊണ്ട് എല്ലാ ജില്ലകളിലും ഡീ അഡീക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 3 മേഖലകളിലായി ടെലിഫോണിക് കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും ശാസ്ത്രീയമായ കൗണ്‍സിലിംഗ് സൗകര്യം ഉറപ്പുവരുത്തുന്നതിനായി എക്‌സൈസ് വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട140 ഉദ്യോഗസ്ഥര്‍ക്ക് ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ പ്രത്യേക പരിശീലനം നല്കി കൗണ്‍സിലിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയില്‍ പിടികൂടിയത് പുകയില ഉത്പന്നങ്ങളാണ്. ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ഇപ്പോഴും വില്പനാനുമതിയും പ്രചാരത്തിലുള്ളതുമായ ഇത്തരം പുകയില ഉല്പന്നങ്ങള്‍ കേരള സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്. ആ നിരോധിത പുകയില ഉല്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടു വന്നപ്പോഴാണ് കേരളാ പോലീസ് പിടികൂടിയത്. അതിലെ പ്രതികളെയും പിടികൂടി. ഇവ കടത്തിക്കൊണ്ടു വരാന്‍ പ്രതികള്‍ ഉപയോഗിച്ച ലോറി ആലപ്പുഴയിലെ നഗരസഭാംഗവും സി പി.എം പ്രവര്‍ത്തകനുമായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രസ്തുത ലോറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കിയിരിക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തയാളും കൂട്ടുപ്രതികളുമാണ് ഈ നിരോധിത വസ്തുക്കള്‍ കടത്തിക്കൊണ്ടുവരാന്‍ ആ വാടകലോറി ഉപയോഗിച്ചത്. ലോറി ഉടമസ്ഥനും അതില്‍ പങ്കുണ്ടെങ്കില്‍ പ്രതിയാകും, നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതേവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.