ന്യൂഡല്‍ഹി: യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ബജറ്റ് എയര്‍ലൈന്‍സുകളായ ഗോഎയറും ഇന്‍ഡിഗോയും. ഗോഎയറിന്റെ 11-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കുറഞ്ഞ യാത്രാ നിരക്ക് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചത്. 611 രൂപ നിരക്ക് മുതലാണ് ഗോഎയര്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്.
എന്നാല്‍ ചെലവുകള്‍ ഉള്‍പ്പെടെ 868 രൂപയില്‍ ആരംഭിക്കുന്ന പുതിയ ഓഫര്‍ നിരക്കാണ് ഇന്‍ഡിഗോ കമ്പനി പ്രഖ്യാപിച്ചത്. ജമ്മു-ശ്രീനഗര്‍ റൂട്ടിലാണ് ഇന്‍ഡിഗോ കുറഞ്ഞ നിരക്കായ 868 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്.
അതേസമയം ഓഫറിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരി 11 മുതല്‍ 2017 ഏപ്രില്‍ 11 വരെയുള്ള കാലയളവിലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇരു കമ്പനികളും യാത്രക്കാര്‍ക്ക് നല്‍കുന്നത്. കൂടാതെ 2016 നവംബര്‍ 8 വരെ മാത്രമാണ് ഓഫറിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്. കൂടാതെ ഓഫറിന് കീഴില്‍ എത്ര സീറ്റുകള്‍ ലഭിക്കും എന്നതില്‍ വ്യക്തത നല്‍കിയിട്ടും ഇല്ല.
വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 82.3 ലക്ഷം യാത്രികരാണ് കഴിഞ്ഞ മാസം മാത്രം ആഭ്യന്തര റൂട്ടുകളില്‍ സഞ്ചരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാരുടെ 20 ശതമാനം വര്‍ധനവാണ് ആഭ്യന്തര റൂട്ടുകളില്‍ ഉണ്ടായിരിക്കുന്നത്. ആഭ്യന്തര റൂട്ടുകളില്‍ വിമാന കമ്പനികള്‍ നല്‍കി വരുന്ന പ്രമോഷണല്‍ ഓഫറുകളുടെ അടിസ്ഥാനത്തില്‍ കടുത്ത മത്സരമാണ് വ്യോമയാന മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.