പട്‌ന: നിതീഷ് കുമാര്‍ നാളെ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ജെഡിയുവിന്റെ നേതാവ് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നതില്‍ മുമ്പ് ബിജെപിയില്‍ അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം നിതീഷ്‌കുമാറിനെ മുഖ്യമന്ത്രിയാക്കാം എന്ന നിലപാടെടുത്തതോടെയാണ് നിതീഷ്‌കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കമലേശ്വര്‍ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി ആലോചിച്ചിരുന്നു.