ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാനുളള നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് ബില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ തരത്തിലുള്ള മതപരിവര്‍ത്തനവും നിരോധിച്ചുകൊണ്ടുള്ള ബില്ലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുപോലെ ആസൂത്രിതമായി ബില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാറിന്റെ നീക്കം.
അടുത്തിടെ സമാപിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ 30 ഓളം ബില്ലുകളാണ് പാസാക്കിയത്. 17-ാം ലോക്‌സഭയുടെ ഒന്നാം സെഷനിലാണ് സര്‍ക്കാര്‍ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യു.എ.പി.എ ഭേദഗതി ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍ എന്നിവയടക്കം 30 ബില്ലുകളാണ് പാസാക്കിയെടുത്തത്. 1952 ലെ ലോക്‌സഭയിലെ ആദ്യ സെഷനില്‍ 67 സിറ്റിങ്ങുകളിലായി 24 ബില്ലുകള്‍ പാസാക്കിയതിന് ശേഷം ആദ്യമായാണ് ഇത്രയും ബില്ലുകള്‍ ഒരു സെഷനില്‍ പാസാക്കിയെടുക്കുന്നത്.