നിലവിലുള്ള രൂപത്തില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് എന്‍.ഡി.എ ഘടകകക്ഷികള്‍. മുസ്‌ലിം സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയതായി വെളിപ്പെടുത്തല്‍. മൂന്നാമൂഴത്തില്‍ മോദി സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന മുഖ്യ ഘടകകക്ഷികളായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ നിലവിലുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് ഉറപ്പുനല്‍കിയതായി അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷന്‍ ഖാലിദ് സൈഫുല്ല റഹ്മാനി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
എന്‍.ഡി.എ ഘടകകക്ഷിയായ ലോക്ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്) നേതാവ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുസ്‌ലിം സമുദായത്തിന് എതിരായ നിലപാട് എടുക്കില്ലെന്ന് തന്നെ വന്നു കണ്ട മുസ്‌ലിം നേതാക്കളോട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ, നിലവില്‍ ജെ.പി.സിയുടെ പരിഗണനയിലുള്ള ബില്‍ അവിടെനിന്ന് വീണ്ടും പാര്‍ലമെന്റിലെത്തിയാലും പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണിപ്പെടുമെന്നുറപ്പായി.
ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് നായിഡുവുമായും നിതീഷുമായും മുസ്‌ലിം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതെന്ന് വിവിധ മുസ്‌ലിം സംഘടന നേതാക്കള്‍ക്കൊപ്പം ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ സൈഫുല്ല റഹ്മാനി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര നിയമ മന്ത്രിയുമായും കൂടിക്കാഴ്ചക്കുള്ള സാധ്യതയില്ലെന്ന് റഹ്മാനി പറഞ്ഞു.
അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡുമായും വിവിധ മുസ്‌ലിം സംഘടനകളുമായും ചര്‍ച്ചയുടെ വാതില്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിയടച്ചതാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും കാണാന്‍ ബോര്‍ഡ് ശ്രമിച്ചെങ്കിലും അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ശദ് മദനി കുറ്റപ്പെടുത്തി. വഖഫ് സംരക്ഷിക്കുന്നതിന് പകരം അന്യാധീനപ്പെടുത്തുന്നതിനുള്ള പുതിയ ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അധ്യക്ഷന്‍ സആദതുല്ല ഹുസൈനി വ്യക്തമാക്കി. എസ്.ക്യൂ.ആര്‍ ഇല്യാസും സംസാരിച്ചു.