X
    Categories: Video Stories

ബിഹാര്‍ ഗവണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

രാംനാഥ് കോവിന്ദിനൊപ്പം അമിത് ഷാ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ദളിത് വിഭാഗക്കാരനും ബി.ജെ.പി ദളിത് മോര്‍ച്ച മുന്‍ പ്രസിഡണ്ടുമായ കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി ഏറെ പോരാടിയിട്ടുള്ളയാളാണ് കോവിന്ദ് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

ജൂലൈ 17-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കുന്നതിന് പാര്‍ട്ടി എം.പിമാരെയും എം.എല്‍.എമാരെയും ബി.ജെ.പി ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിപ്പിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെപ്പറ്റി ചര്‍ച്ചയുണ്ടായിട്ടില്ലെന്നും ഷാ വ്യക്തമാക്കി.

1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹട്ടില്‍ ജനിച്ച രാംനാഥ് ഗോവിന്ദ് ബി.കോം, എല്‍.എല്‍.ബി ബിരുദധാരിയാണ്. ആര്‍.എസ്.എസ്സിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു കടന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് 1994-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് തുടര്‍ച്ചയായി രണ്ട് കാലാവധി കൂടി ഉപരിസഭയില്‍ പൂര്‍ത്തിയാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: