എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് തലുങ്കുദേശം പാര്‍ട്ടി പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ഘടകകക്ഷിക്കൂടി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ ജെ.ഡി.യുവാണ് സഖ്യമുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ഒടുവിലത്തെ പാര്‍ട്ടി. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ പ്രമുഖ ബിജെപി നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്.
കഴിഞ്ഞദിവസം ബിഹാറില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി നേതാക്കളായ ഗിരിരാജ് സിങ്ങും നിത്യാനന്ദ് റായിയും വസ്തുതകള്‍ വളച്ചൊടിച്ച് ഒരു കവലയ്ക്കു പ്രധാനമന്ത്രിയുടെ പേരു നല്‍കിയതിന്റെ പേരില്‍ വയോധികനെ കൊലപ്പെടുത്തിയെന്നാണ് പ്രചരിപ്പിച്ചത്. ഇതോടെ ബി.ജെ.പിയുടെ പമുഖ നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും എന്തു വിലകൊടുത്തും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭാഗല്‍പ്പുരില്‍ കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെയുടെ മകന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തിയതും ജെഡിയുവിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ബിഹാറിലെ ഒഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു കേന്ദ്രങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന് വിജയിക്കാനായത്. ലോക്‌സഭാ മണ്ഡലമായ അരാരിയയിലും ജഹാനാബാദ്, ബാഭുവ നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരടുപ്പില്‍ ബാഭുവയില്‍ ബിജെപി ജയിച്ചെങ്കിലും അരാരിയയില്‍ ബിജെപിയും ജഹാനാബാദില്‍ ജെഡിയുവും ദയനീയ പരാജയമാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അരാരിയില്‍ ആര്‍.ജെ.ഡി ജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ഐഎസ്സിന് സുരക്ഷിത താവളമാവുമെന്നുള്ള വിവാദ പരാമര്‍ശങ്ങളും ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു. ഇതു ഫലത്തെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ജെ.ഡി.യുവിന്റെ വിലയിരുത്തല്‍. അടുത്ത വര്‍ഷം നടക്കാനാരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റുകള്‍ കുറയ്ക്കുമോ എന്ന ആശങ്ക നിതീഷ് കുമാറിനുണ്ട്.
എന്‍ഡിഎയുടെ മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപിയുടെ നേതാവ് റാംവിലാസ് പാസ്വാന്‍ വിവിധ വിഭാഗങ്ങളെ ഒപ്പംകൂട്ടാനാണ് എന്‍ഡിഎ ശ്രമിക്കേണ്ടതെന്നു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതിനെ നിതീഷ് സ്വാഗതം ചെയ്തതും ബിജെപിക്കുള്ള അപായസൂചനയായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ശിവസേനയടക്കം വിവിധ സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നത് വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും.