X

അക്ഷരപ്പുരകളിലേക്കും കാവി പരക്കുന്നു

പി . ഇസ്മായിൽ 

ഒരു ഗ്രന്ഥകാരനെയും കള്ളനെയും ഒരു ജഡ്ജിയുടെ മുമ്പിൽ വിചാരണക്ക് കൊണ്ടുവന്നു.ഒളിവിലിരുന്ന് വഴിയാത്രക്കാരുടെ പണവും സാധനങ്ങളും തട്ടി പറിച്ചുവെന്നതാണ് കള്ളന്റെ പേരിലെ കുറ്റം. അധർമ്മ തൽപരതയും ദുഷിച്ച വികാരങ്ങളും വായനക്കാരിൽ വളർത്തുന്നതിനു സഹായിക്കുന്ന ഗ്രന്ഥങ്ങൾ എഴുതിയെന്നതാണ് ഗ്രന്ഥകാരന്റെ മേൽ ആരോപിച്ച കുറ്റം. രണ്ടു പേരും കുറ്റക്കാരെന്നു കണ്ടെത്തി ജഡ്ജി അവരെ അന്നത്തെ സമ്പ്രദായപ്രകാരം വധശിക്ഷക്ക് വിധിച്ചു.ആ കാലത്ത് വധശിക്ഷ നടത്തിയിരുന്നത് ക്രൂരമായ വിധത്തിലായിരുന്നു.രണ്ട് വലിയ ഇരുമ്പു കൂടുകൾ ഓരോ വലിയ ചങ്ങലയിൽ കെട്ടി തൂക്കി അവയിൽ ഓരോന്നിൽ അവർ ഓരോരുത്തരെയും അടച്ചു. കള്ളനെ അടച്ചിരുന്ന കൂടിനു താഴെ ഉണങ്ങിയ വിറക് കൂട്ടി തീകൊളുത്തി. അതു വേഗത്തിൽ കത്തി പിടിച്ചു. ഗ്രന്ഥകാരന്റെ കൂട്ടിനടിയിലും തീ കത്തി തുടങ്ങി. കത്തിയാളുന്ന ചൂടിൽ ഗ്രന്ഥകാരൻ തപിച്ചു കൊണ്ടിരിക്കുകയാണ്.

ഗ്രന്ഥകാരൻ ന്യായാധിപന്റെ ശിക്ഷയിൽ നീതി പുലർന്നില്ല എന്ന് കൂടിനുള്ളിൽ വെച്ച് വിലപിക്കുകയുണ്ടായി. ആ സമയം ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു.നീയും കള്ളനും ഒരു പോലെയല്ല എന്ന് സ്ത്രീരൂപം ഉറക്കെ പറഞ്ഞു. കള്ളൻ ജീവിച്ചിരിക്കുന്ന സമയത്ത് മാത്രമാണ് ദ്രോഹമുണ്ടാക്കിയിട്ടുള്ളത്. നീ മരിച്ചാലും നിന്റെ ദുഷ്ട ഫലം തുടരും. വിഷം പരത്തുന്ന നിന്റെ ഗ്രന്ഥങ്ങൾ പിന്നെയും തലമുറ തലമുറയായി നാടിനെ നശിപ്പിച്ചു കൊണ്ടിരിക്കും. കാലം കഴിയുംതോറും നീ വിതച്ച വിത്തുകൾ പടർന്നു പിടിക്കും.

ഈ കഥയും രാജ്യത്തുടനീളമുള്ള 46,746 പുസ്തക ശാലകളെ സമവർത്തി പട്ടികയിൽ ഉൾപ്പെടുത്തി സംഘ്പരിവാർ പരീക്ഷണ ശാലയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവും തമ്മിൽ കൂട്ടി വായന നടത്തിയാൽ ആർക്കും കാര്യം ബോധ്യമാവും.
ഭരണഘടനയുടെ അനുചേദം 246 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിൽ പരിഗണിക്കേണ്ട വിഷയങ്ങൾ കേന്ദ്ര പട്ടിക, സംസ്ഥാന പട്ടിക, സമവർത്തി പട്ടിക എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. സംസ്ഥാന പട്ടികയിലുള്ള വിഷയങ്ങളിൽ സംസ്ഥാനവും യൂണിയൻ വിഷയങ്ങളിൽ പെട്ടതിൽ കേന്ദ്രവുമാണ് നിയമ നിർമാണം നടത്താറുള്ളത്. എന്നാൽ സമവർത്തി പട്ടിക( കൺകറന്റ് ലിസ്റ്റ് )യിൽ പെട്ട വിഷയങ്ങളിൽ കേന്ദ്രത്തിനും സ്റ്റേറ്റിനും ഒരു പോലെ ഇടപെടാനും നിയമ നിർമാണം നടത്താനും കഴിയും. സംസ്ഥാന പട്ടികയിലുൾപ്പെട്ട കൃഷിയിലും സഹകരണത്തിലും കേന്ദ്രം നേരിട്ടു നിയമ നിർമാണം നടത്തി കൈ പൊള്ളിയ അനുഭവമുള്ളതിനാൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുത്തി കൈകടത്താനാണ് നീക്കം. ഡൽഹിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് ചടങ്ങിൽ വെച്ചാണ് സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ലൈബ്രറികളുടെ കേന്ദ്രമായ രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ പ്രൊഫസർ അജയ് പ്രതാപ് സിങ്ങ് സർക്കാറിന്റെ ഇംഗിതം വെളിപ്പെടുത്തിയത്. വൈകാതെ പാർലിമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന സൂചന കൂടി അദ്ദേഹം നൽകിയിട്ടുണ്ട്.

മഹാത്മാ ഗാന്ധി, നെഹ്റു, ആസാദ് തുടങ്ങിയ മഹാൻമാരെ വെട്ടി നിരത്തിയും മുഗൾ കാലഘട്ടത്തെ തമസ്ക്കരിച്ചും പാഠപുസ്തകങ്ങളെ കാവിവൽക്കരണത്തിനു വിധേയമാക്കിയതിനു തുല്യമായിട്ടാണ് ഗ്രന്ഥശാലകളിലും പിടിമുറുക്കുന്നത്. സംഘ് പരിവാർ അനുകൂല പ്രസാധകരിൽ നിന്ന് പുസ്തകങ്ങൾ വാങ്ങണമെന്ന് നേരത്തെ നിർദ്ദേശം നൽകിയവർക്ക് സമവർത്തി പട്ടികയിലേക്ക് ലൈ ബ്രറികളെ കൊണ്ടുവരുന്നതോടെ വർഗീയ അജണ്ടകൾ എളുപ്പം അടിച്ചേൽപ്പിക്കാൻ കഴിയും. രാജാറാം മോഹൻ റോയി ലൈബ്രറി ഫൗണ്ടേഷൻ മുഖാന്തരം ഓരോ വർഷത്തിലും പുസ്തകങ്ങളും ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും വാങ്ങുന്നതിനും കെട്ടിട നിർമാണത്തിനും കോടികളുടെ സഹായങ്ങളാണ് നൽകാറുള്ളത്. ലൈബ്രറികളുടെ ആധുനികവൽക്കരണവും പൗരാണിക സംസ്ക്കാരത്തെ ലോകത്തിന് മുന്നിൽ എത്തിക്കലുമാണ് പ്രധാന ലക്ഷ്യമെന്ന ഡൽഹി പ്രഖ്യാപനത്തിൽ നിന്നും സംഘ് പരിവാർ പ്രത്യയ ശാസ്ത്രത്തിന്റെ പ്രചാരണോപാധിയായ പുസ്തകങ്ങൾ വാങ്ങിക്കാനും വായിക്കാനും തിട്ടൂരം കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്.

ലൈബ്രറികൾ സർവകലാശാലക്ക് തുല്യമെന്നാണ് തോമസ് കാർ ലൈൻ അഭിപ്രായപ്പെട്ടത്. ദാരിദ്ര്യത്തിന്റെ കാരണക്കാരെ വായനയിലൂടെ അറിയാനും അവരോട് പോരാടാനും വേണ്ടിയാണ് പട്ടിണി കിടക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാൻ ബ്രഹ്തോൾ ബ്രഹത് ആവശ്യപ്പെട്ടത്.
സമൂഹത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ ഗ്രന്ഥശാലകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരത്തിൽ സമരക്കാർ ആദ്യം സുക്കോട്ടി പാർക്കിൽ വായനശാലയാണ് നിർമിച്ചത്. റൊണാൾഡ് ട്രംപിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കുന്നതിൽ മിഡ് മാൻ ഹാറ്റൻ ലൈബ്രറി നടത്തിയ ഇടപെടലുകളും ആഗോള തലത്തിൽ വാർത്തയായിരുന്നു. ഷേക്സ്പിയർ, ബർണാഡ് ഷാ, മാർക് ട്വയിൻ, ഖലീൽ ജിബ്രാൻ , പൗലോ കൊയ്ലോ , ഗബ്രിയേൽ മാർക്കോസ് തുടങ്ങിയ വിശ്വോത്തര എഴുത്തുകാരുടെ നാട്ടിൽ ഉള്ളതിനേക്കാളും പതിൻ മടങ്ങ് 9,515 വായനശാലകൾ കേരളത്തിലുണ്ട്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ ഇഴുകി ചേർന്ന ചരിത്രമാണ് ഗ്രന്ഥശാലകൾക്കുള്ളത്.

മലയാളിയെ സംബന്ധിച്ച് വായനശാലകൾ എന്നാൽ വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദത്തിന്റെ പ്രചാരകരും രാഷ്ട്രീയപരമായി വ്യത്യസ്ത ആശയധാരയിൽ നിലയുറപ്പിച്ചവരും ഒന്നിച്ചു നിൽക്കുന്ന മതേതര തുരുത്തുകൾ കൂടിയാണ്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ സഹായത്തോടെ 1829 ല്‍ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ടത് . കോഴിക്കോട്ടും കോട്ടയത്തും കൊച്ചിയിലും പബ്ലിക് ലൈബ്രറികൾ തുടർ വർഷങ്ങളിലായി ഉയർന്നു. മലബാർ ഗ്രന്ഥശാല സംഘം, കേരള ഗ്രന്ഥശാല സംഘം, അഖില തിരുവതാംകൂർ ഗ്രന്ഥശാല സംഘം, തിരു കൊച്ചി ഗ്രന്ഥശാല സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ബാറ്റൺ കൈമാറിയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്ഥാപിതമായത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ലൈബ്രറി സെസ് ഇനത്തിൽ നീക്കിവെച്ചും വിദ്യാഭ്യാസ വകുപ്പ് മുഖാന്തരം ബജറ്റിൽ നീക്കിവെക്കുന്ന തുക കൊണ്ടുമാണ് നാട്ടിലെ വായനശാലകൾ പ്രവർത്തിക്കുന്നത്. ബാലവേദിയും യുവജനവേദിയും വനിതാവേദിയും
നിരവധി പ്രതിഭകളുടെ മാറ്റുരക്കൽ വേദി കൂടിയാണ്. വായനശാലകളുടെ സ്വയം ഭരണാവകാശം കവരുകയും മതേതര ചിന്തകളും ജനാധിപത്യ ബോധവും പ്രബുദ്ധതയും ഊതി കെടുത്തുകയും ചെയ്യുന്ന പുതിയ നിയമ നിർമാണത്തെ ചെറുത്ത് തോൽപിക്കാൻ അക്ഷര സ്നേഹികൾ കൈകോർക്കണം.

(യൂത്ത് ലീഗ് സംസ്ഥാന ട്രഷററാണ് ലേഖകൻ )

 

webdesk15: