തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന ഘടകം പിളര്‍പ്പിലേക്കെന്ന് സൂചന. മന്ത്രി തോമസ് ചാണ്ടിക്കെതിരെ എതിര്‍പ്പുമായി ആറ് ജില്ലാ ഘടകങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഒരു വിഭാഗം പാര്‍ട്ടിയെ പിളര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പാര്‍ട്ടി നേതൃസ്ഥാനം കൈയടക്കാനുള്ള തോമസ് ചാണ്ടിയുടെ നീക്കത്തിനെതിരെ ഒരു വിഭാഗം നേരത്തെ തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം ഇത് തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലാ കമ്മിറ്റികളാണ് തോമസ് ചാണ്ടിക്കെതിരെ പരസ്യ എതിര്‍പ്പുമായി രംഗത്തു വന്നത്. ഇടഞ്ഞുനില്‍ക്കുന്നവര്‍പാര്‍ട്ടി വിട്ട് എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എസില്‍ ചേരാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്ത.
സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നാലെയാണ് എന്‍.സി.പിയില്‍ കലഹം തുടങ്ങിയത്. പാര്‍ട്ടിയില്‍ ഉഴവൂര്‍ വിജയന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ചിലര്‍ രംഗത്തെത്തുകയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിക്കെതിരെയാണ് ആരോപണത്തിന്റെ മുന നീളുന്നത്. അതേസമയം എന്‍.സി.പി നേതാക്കളായ ശരത് പവാറിന്റെയും ടി.പി പീതാംബരന്‍ മാസ്റ്ററുടേയും പിന്തുണ തോമസ് ചാണ്ടിക്കുള്ളതിനാല്‍ പാര്‍ട്ടിയില്‍ നീതി ലഭിക്കില്ലെന്ന കണക്കുകൂട്ടലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിനു പിന്നിലെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറുന്നു. ഈ മാസം 20ന് ചേരുന്ന എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവില്‍ നിലപാട് ഔദ്യോഗികമായി അറിയിക്കാനാണ് വിമത ഗ്രൂപ്പിന്റെ തീരുമാനം. ഇതിനിടെ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടി കാണിക്കുന്നതും വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
വാട്ടര്‍വേള്‍ഡ് ടൂറിസത്തിനായി വാങ്ങിക്കൂട്ടിയത് മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയാണെന്നും രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡ് കയ്യേറി നികത്തിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ തെളിവുണ്ടായിട്ടും മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, മന്ത്രി ജി. സുധാകരനാകട്ടെ ചാണ്ടിയെ ന്യായീകരിക്കുകയുമാണ് ചെയ്തത്.