ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് എന്‍.സി.പി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടുള്ള ജനങ്ങളുടെ നിലപാടിന്റെ പ്രതിഫലനമാകും ജനവിധിയെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.
22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ ചിന്തകളില്‍ മാറ്റം വന്നിട്ടുണ്ട്. ബി.ജെ.പി ഭരണത്തോടുള്ള അസംതൃപ്തി പ്രകടമാണ്. ഇത് ജനവിധിയില്‍ പ്രതിഫലിക്കും. ബി.ജെ.പി അഴിമതിയില്‍ മുങ്ങിക്കുളിച്ചു. വരുമാന വിവാദവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ മകന്‍ ജെയ് ഷായെ ന്യായീകരിക്കാന്‍ ബി.ജെ.പിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും അവയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നു എന്നതു തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ നിതീഷ് കുമാര്‍ വിഭാഗത്തെ ജെ.ഡി.യു ഔദ്യോഗിക പക്ഷമായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതൊന്നും ജനകീയ കോടതിയില്‍ നിതീഷിന് ഗുണം ചെയ്യില്ലെന്നായിരുന്നു താരീഖ് അന്‍വറിന്റെ പ്രതികരണം. ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നിതീഷിന്റെ തീരുമാനത്തെ ബിഹാറിലെ ജനം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.