കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. തോമസ്ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.
എ.കെ.ശശീന്ദ്രന്‍ രാജിവച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നതയാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം ചില നേതാക്കളില്‍ നിന്നുണ്ടായ മോശം പെരുമാറ്റം സൃഷ്ടിച്ച മാനസിക സമ്മര്‍ദ്ദമാണ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ അകാലമരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.