തിരുവനന്തപുരം: നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിവെച്ചു വീട്ടില്‍ പോയിരിക്കും…. ആഗസ്റ്റ് 17ന് നിയമസഭയില്‍ തൊണ്ടയിടറി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് ഇങ്ങനെയായിരുന്നു. വെല്ലുവിളി നടത്തിയിട്ട് മൂന്നുമാസം തികയുമ്പോള്‍ തോമസ് ചാണ്ടി പറഞ്ഞതുപോലെ വീട്ടിലിരിക്കുന്നു. എന്നാല്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ചു തരുന്നില്ലെന്ന് മാത്രം. പ്രതിപക്ഷനേതാവ് സ്ഥലം സന്ദര്‍ശിച്ച് താന്‍ തെറ്റുകാരനെന്ന് പറഞ്ഞാല്‍ രാജിവെക്കുമെന്നും പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് എം.എല്‍.എമാര്‍ക്കൊപ്പം അവിടെ സന്ദര്‍ശിച്ചുവെന്ന് മാത്രമല്ല. ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിട്ടും തോമസ് ചാണ്ടി കണ്ടഭാവം നടിച്ചില്ല.
എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ ഏപ്രില്‍ ഒന്നിനായിരുന്നു തോമസ് ചാണ്ടിയുടെ സ്ഥാനാരോഹണം. കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. കരകയറിയില്ലെന്ന് മാത്രമല്ല, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങുകയും ചെയ്തു. ആദ്യ നാല് മാസത്തിന് ശേഷം പിന്നീട് വകുപ്പില്‍ ശ്രദ്ധിക്കാന്‍ പോലും ചാണ്ടിക്കായില്ല. അപ്പോഴേക്കും കയ്യേറ്റ വിവാദങ്ങള്‍ ഓരോന്നായി പുറത്ത് വന്നിരുന്നു. ഇവയെ പ്രതിരോധിക്കാനുള്ള തത്രപ്പാടിലായിരുന്നു ചാണ്ടി.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം സംബന്ധിച്ചും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണത്തെക്കുറിച്ചു റവന്യൂ വകുപ്പും ആഗസ്റ്റ് 16ന് അന്വേഷണം തുടങ്ങി. ലേക് പാലസ് റിസോര്‍ട്ട് നിര്‍മാണം ആലപ്പുഴ നഗരസഭയും അന്വോഷണം ആരംഭിച്ചു. അപ്പോഴും ആത്മവിശ്വാസം കൈവിടാതെ ചാണ്ടി നിന്നു. അടുത്ത ദിവസം നിയമസഭയില്‍ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പ്രതിപക്ഷ സംഘം തന്റെ റിസോര്‍ട്ട് സന്ദര്‍ശിച്ച് ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചു.
സെപ്തംബര്‍ ഒന്നിന് ലേക്ക് പാലസ് റിസോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ സ്ഥിതി മാറി. പിന്നീടങ്ങോട്ട് ചാണ്ടിയുടെ മന്ത്രിക്കസേരക്ക് ഇളക്കം തുടങ്ങി. അതേമാസം 22ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ടി.വി.അനുപമയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നു. ഒരുമാസം കഴിഞ്ഞ് ഒക്‌ടോബര്‍ 22ന് കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതിനിടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. അപ്പോഴും രാജി ആവശ്യം നിരാകരിച്ച് ചാണ്ടി മുന്നോട്ടു തന്നെ പോയി.
കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചതോടെ നിയമയുദ്ധത്തിന് കളമൊരുങ്ങി. എ.ജിയും റവന്യൂ മന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത വിവാദമായി. പുതിയ വിവാദങ്ങള്‍ക്ക് തോമസ് ചാണ്ടി തന്നെ തുടക്കമിട്ടു. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു കാനത്തിന്റെ യാത്രക്കിടയില്‍ ചാണ്ടി വെല്ലുവിളിച്ചു.
നവംബര്‍ ആറിന് കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചില്ല. ചാണ്ടിയെ പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന ആരോപണത്തിന് ഇതോടെ മൂര്‍ച്ച കൂടി. നവംബര്‍ ഏഴിനു മുഖ്യമന്ത്രി തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിക്കാര്യം അപ്പോഴും വന്നില്ല. 12ന് മന്ത്രി രാജിവെച്ചൊഴിയണമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ ആവശ്യമുണ്ടായി. അതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചാണ്ടിയുടെ പരിഹാസം നിറഞ്ഞ മറുപടി ഇങ്ങനെ – രാജിവെക്കാം, പക്ഷേ രണ്ടു വര്‍ഷം കഴിഞ്ഞ്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ പോയ തോമസ് ചാണ്ടിക്ക് മാത്രമല്ല, സര്‍ക്കാറിനാകെ അവിടെ നിന്ന് കണക്കിന് കിട്ടി. പിന്നീട് രണ്ട് വര്‍ഷം കാത്തിരിക്കാതെ തന്നെ രാജി നല്‍കി അദ്ദേഹത്തിന് കുട്ടനാട്ടിലേക്ക് മടങ്ങേണ്ടിയുംവന്നു.