X

ജോസ് പക്ഷത്തിനെതിരെ എല്‍ഡിഎഫില്‍ പടയൊരുക്കം; മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജോസ് പക്ഷത്തിന് 13 സീറ്റ് നല്‍കാന്‍ ധാരണയിലെത്തിയ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ എല്‍ഡിഎഫില്‍ ജോസ് പക്ഷത്തിനെതിരെ പടയൊരുക്കം. പാലാ സീറ്റിന്റെ കാര്യത്തിലാണ് പ്രധാനമായും പ്രശ്‌നം ഉയരുന്നത്. പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് എന്‍സിപി.

പാലാ സീറ്റ് ജോസ് പക്ഷത്തിന് വിട്ട് നല്‍കുകയാണെങ്കില്‍ മുന്നണി വിടുമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാം എന്ന വാഗ്ദാനവും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റുകള്‍ വിട്ടു നല്‍കേണ്ടെന്ന് ശരത് പവാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് പക്ഷത്തിന് 13 സീറ്റ് നല്‍കുന്നതില്‍ സിപിഐയിലും വലിയ അമര്‍ഷം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവിലെ എംഎല്‍എ മാണി സി കാപ്പനെ അവഗണിച്ച് ജോസ് കെ മാണി പക്ഷത്തിന് സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐ നിലപാട്.

എല്‍ഡിഎഫിന് പാലാ സീറ്റ് പിടിച്ചെടുത്ത് നല്‍കിയ മാണി സി കാപ്പനെ തള്ളി ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പാലാ സീറ്റ് ജോസ് പക്ഷത്തിന് പ്രധാനമാണെന്ന് മുമ്പ് തന്നെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. പാലാ സീറ്റ് ആര്‍ക്ക് നല്‍കണമെന്നുള്ളത് എല്‍ഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്നണിയിലെ സിപിഎം ഒഴികെ ബാക്കി പാര്‍ട്ടികള്‍ക്കെല്ലാം ജോസ് വിഭാഗത്തെ എല്‍ഡിഎഫിന്റെ ഭാഗമാകുന്നതില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ അമര്‍ഷം മറികടന്ന് ജോസ് വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കിയാലും പാലാ സീറ്റ് വിട്ടുകൊടുത്താല്‍ എല്‍ഡിഎഫില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പാണ്.

Test User: