X

പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി

പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍.സി.ഇ.ആര്‍.ടി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നാണ് ആമുഖം നീക്കം ചെയ്തത്. ‘ദി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2020ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് എന്‍.സി.ഇ.ആര്‍.ടിയുടെ നീക്കം. 2005-2006നും 2007-2008നും ഇടയിലായി എന്‍.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളിലാണ് വീണ്ടും മാറ്റങ്ങള്‍ വരുത്തുന്നത്.

ആറാം ക്ലാസിലെ പഴയ ഹിന്ദി പാഠപുസ്തകമായ ദുര്‍വ, ഇംഗ്ലീഷ് പുസ്തകമായ ഹണി സക്കിള്‍, സയന്‍സ് പാഠപുസ്തകം, മൂന്ന് ഇ.വി.എസ് പുസ്തകങ്ങള്‍ (നമ്മുടെ ഭൂതകാലങ്ങള്‍-I, സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം, ഞാനും ഭൂമിയും നമ്മുടെ ആവാസകേന്ദ്രവും) എന്നിവയുടെ ആദ്യ പേജുകളിലാണ് ഭരണഘടനയുടെ ആമുഖം അച്ചടിച്ചിരുന്നത്.

എന്നാല്‍ പുതിയ പാഠപുസ്തകങ്ങളില്‍ സയന്‍സ് പുസ്തകമായ ക്യൂരിയോസിറ്റിയിലും ഹിന്ദി പുസ്തകമായ മല്‍ഹറിലും മാത്രമാണ് ആമുഖം അച്ചടിച്ചിട്ടുള്ളത്. പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട 3 പുസ്തകങ്ങള്‍ക്ക് പകരമായി ഒറ്റ പാഠപുസ്തകമാണ് എന്‍.സി.ഇ.ആര്‍.ടി നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലും ആമുഖം നല്‍കിയിട്ടില്ല.

‘എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്റ് ബിയോണ്ട്’ എന്ന ഈ പുസ്തകത്തില്‍ ആമുഖമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മൗലികാവകാശങ്ങളും മൗലിക കടമകളും പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗണിത ശാസ്ത്രത്തിനായുള്ള പാഠപുസ്തകം എന്‍.സി.ഇ.ആര്‍.ടി ഇതുവരെ അവതരിപ്പിച്ചിട്ടുമില്ല.

ഇംഗ്ലീഷ്, സംസ്‌കൃതം പാഠപുസ്തകങ്ങളായ പൂര്‍വിയിലും ദീപകത്തിലും ദേശീയ ഗാനം അച്ചടിച്ചിട്ടുണ്ട്. എന്നാല്‍ ഇരു പുസ്തകങ്ങളിലും ആമുഖം നല്‍കിയിട്ടില്ല. മുമ്പ് സംസ്‌കൃത പുസ്തകമായ രുചിരയിലും ആമുഖം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ക്ലാസിലെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ഇ.വി.എസിന് പകരം അവതരിപ്പിച്ച പുതിയ പുസ്തകം ഉള്‍പ്പെടയുള്ളവയില്‍ ആമുഖം അച്ചടിച്ചിട്ടില്ല. എന്നാല്‍ പഴയ ഇ.വി.എസ് പുസ്തകത്തിലും ഹിന്ദി പാഠപുസ്തകമായ റിംജിം 3 എന്നിവയിലും ആമുഖം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് എന്‍.സി.ഇ.ആര്‍.ടിക്കെതിരെ രംഗത്തെത്തിയിക്കുന്നത്. നടപടിയില്‍ എന്‍.സി.ഇ.ആര്‍.ടി വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മുന്‍ ഫാക്കല്‍റ്റി അംഗം നന്ദിത നരേന്‍ പറഞ്ഞു.

അതേസമയം ജൂണില്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്ററി ക്ലാസ്സുകളിലെ പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകള്‍ എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തിരുന്നു. 2014 മുതല്‍ നാലാം തവണയാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്.

webdesk13: