X

‘കുഞ്ഞുങ്ങള്‍ക്ക് വാങ്ങിയ കുഞ്ഞുടുപ്പും തൊട്ടിലും ഞാന്‍ കളക്ടര്‍ക്ക് കൊടുക്കാം, അന്വേഷണത്തില്‍ വിശ്വാസമില്ല’, ആരോഗ്യമന്ത്രിക്കെതിരെ ഷെരീഫ്

കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ വിമര്‍ശനവുമായി മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് എന്‍സി ഷെരീഫ്. തന്റെ കുട്ടികള്‍ മരിച്ച സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി പറയുന്നതെല്ലാം കള്ളമാണെന്ന് ഷെരീഫ് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണത്തില്‍ ഒരു വിശ്വാസവുമില്ല. അധികൃതര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വേദനയോടെയാണ് ഓരോ കാര്യങ്ങളും കേള്‍ക്കുന്നതെന്നും ഷെരീഫ് പറഞ്ഞു.

കുട്ടികള്‍ക്ക് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പേ കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ വാങ്ങി വെച്ചിരുന്നു. ലോക്ക്ഡൗണായാല്‍ വാങ്ങാന്‍ പറ്റാതെ വരുമോ എന്ന് കരുതിയിട്ട്. അപ്പോ വാങ്ങി വച്ചാല്‍ അതില്‍ എന്തെങ്കിലും വൈറസ് വരുമോ എന്ന് പേടിച്ചിട്ട്. ഞാനാ അതൊക്കെ കഴുകി ഉണക്കി ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്റെ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്താ അതെല്ലാം കൊണ്ടുപോയി ഞാന്‍ കളക്ടര്‍ക്ക് കൊടുക്കും. എല്ലാം വീതിച്ച് കൊടുക്കട്ടെ. എന്റെ കുട്ടികളെ കൊന്ന സൂപ്രണ്ടിനും അവരെ പിന്തുണയ്ക്കുന്ന മന്ത്രിയ്ക്കും ഒക്കെ വീതിച്ച് കൊടുക്കട്ടെയെന്നും ഷെരീഫ് പറഞ്ഞു.

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കൊണ്ടോട്ടി കീഴ്‌ച്ചേരി സ്വദേശിനിയായ ഇരുപതുകാരിയെ പ്രവേശിപ്പിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു അവര്‍. എന്നാല്‍ കോവിഡ് പോസിറ്റീവാണോ എന്ന സംശയം മൂലം ഇവരെല്ലാം ചികിത്സ നിഷേധിച്ചു. ഒടുവില്‍ വൈകിട്ട് ആറ് മണിയോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു.

ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും, അന്വേഷണം പ്രഖ്യാപിച്ചുവെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. എന്നാല്‍, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് യുവതിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോവുകയായിരുന്നുവെന്നും, ചികിത്സ നല്‍കുന്നതില്‍ ഒരു വീഴ്ചയും ആശുപത്രിക്ക് ഉണ്ടായിട്ടില്ലെന്നുമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ആരോഗ്യവകുപ്പ് അറിയിക്കുകയും ചെയ്തു. ഇത് പൂര്‍ണമായും തെറ്റാണെന്ന് ഷെരീഫ് പറഞ്ഞു. ആരോഗ്യമന്ത്രി ഇതിനെ കുറിച്ച് തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും ഷെരീഫ് വ്യക്തമാക്കി.

അതേസമയം, മലപ്പുറം ഡിഎംഒയെ തനിക്ക് വിശ്വാസമാണെന്ന് ഷെരീഫ് പറഞ്ഞു. ഇത്തരമൊരു റിപ്പോര്‍ട്ട് ഞാന്‍ കൊടുക്കില്ലെന്നും, ഷെരീഫ് അനുഭവിച്ച വേദന തനിക്ക് മനസ്സിലാകുമെന്നും ഡിഎംഒ പറഞ്ഞതായി ഷെരീഫ് വ്യക്തമാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കിട്ടിയത് മികച്ച സഹകരണമാണ്. ആരെ സംരക്ഷിക്കാനാണ് ഇത്തരത്തില്‍ ആരോഗ്യമന്ത്രി പറയുന്നതെന്ന് അറിയില്ലെന്നും ഷെരീഫ് പറഞ്ഞു.

chandrika: