റേറ്റിംഗിൽ കൃത്രിമം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിക്ക് പണി വരുന്നു. റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. റേറ്റിംഗിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ വിധി വരുന്നത് വരെ റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽ നിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.
റിപബ്ലിക് ടി.വി മാനേജിംഗ് ഡയറക്ടറും എഡിറ്റൻ ഇൻ ചീഫുമായ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള ഞെട്ടിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിത്. കോടതിയിലുള്ള കേസിൽ നടപടി എടുക്കും വരെ റിപബ്ലിക് ടി.വിയുടെ അംഗത്വം തുടരാൻ അനുവദിക്കുന്ന തെറ്റായ സന്ദേശം നൽകുമെന്നാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ കരുതുന്നത്. റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസിൽ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എൻ.ബി.എ ബാർക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ പങ്കുവെക്കുംവരെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിർത്തിവെക്കണമെന്നും എൻ.ബി.എ. ആവശ്യപ്പെട്ടു.
2019 ഫെബ്രുവരി 23ന് നടന്ന അർണബിന്റെ ചാറ്റുകളാണ് പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാറ്റിലുള്ളത്. പുൽവാമക്കു തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ ആക്രമണം അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നതായി ചാറ്റിലുണ്ട്. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് പറയുന്നത്. സെറ്റ് ടോപ് ബോക്‌സുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്ത അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിലുണ്ട്. റേറ്റിങ് തട്ടിപ്പു കേസിൽ ജയിലിലാണ് പാർഥോ ദാസ് ഗുപ്ത ഇപ്പോൾ.