ബെര്‍ലിന്‍: രണ്ടാം ലോക യുദ്ധ കാലത്ത് ഒറാനിയാന്‍ബര്‍ഗിലെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന ജോസഫ് ഷൂറ്റ്‌സിന് 101-ാം വയസില്‍ ജര്‍മന്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. 1942നും 1945നുമിടക്ക് പ്രവര്‍ത്തിച്ചിരുന്ന നാസി തടങ്കല്‍ പാളയത്തില്‍ നടന്ന കൂട്ടക്കുരുതികള്‍ക്ക് ഇയാളും ഉത്തരവാദിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്യാമ്പില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് ഷൂറ്റ്‌സിന് ബോധ്യമുണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു.
കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിക്ക് 21 വയസായിരുന്നു. എന്നാല്‍ അത്തരം കുറ്റകൃത്യങ്ങള്‍ ക്യാമ്പില്‍ നടക്കുന്നതായി തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ഷൂറ്റ്‌സിന്റെ വാദം. ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു തുടങ്ങിയ ശേഷം 1936ലാണ് ഒറാനിയന്‍ബര്‍ഗിലെ സക്‌സെന്‍ഹൗസെന്‍ ക്യാമ്പ് സ്ഥാപിച്ചത്. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ തടവില്‍ കഴിഞ്ഞിരുന്നുവെന്നാണ് കണക്ക്. പതിനായിരക്കണക്കിന് തടവുകാര്‍ കൊല്ലപ്പെട്ടു. ഗ്യാസ് ചേംബറില്‍ അടച്ചും പട്ടിണിക്കിട്ടും മറ്റും പതിനായിരക്കണക്കിന് ആളുകളെ ഭീകരമായാണ് കൊലപ്പെടുത്തിയത്.