X

നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ ആജീവനാന്ത വിലക്ക്; നടന്നത് ജുഡീഷ്യല്‍ അട്ടിമറിയെന്ന്

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ജുഡീഷ്യല്‍ അട്ടിമറിയാണെന്ന് വിലയിരുത്തല്‍. അഡിയാല ജയിലില്‍ ശരീഫിനുവേണ്ടി ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് സുപ്രീംകോടതി വിധി.
പാനമ കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അതോടെ അന്ത്യംകുറിക്കും.
ശരീഫിനെ രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായും അകറ്റിനിര്‍ത്തുന്ന വിധമാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സുപ്രീംകോടതി വിധി അദ്ദേഹത്തിനുനേരെയുള്ള ജുഡീഷ്യല്‍ അട്ടിമറിയാണെന്ന് പാകിസ്താന്‍ മുസ്്‌ലിം ലീഗ്(എന്‍) ആരോപിക്കുന്നുണ്ട്്.
ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതോടെ അടുത്ത പൊതു തെരഞ്ഞെടുപ്പുകളില്‍ എവിടെയും ശരീഫിന് ഇടം ലഭിക്കില്ല. സ്വന്തം പാര്‍ട്ടിയുടെ തലപ്പത്തുനിന്നും അദ്ദേഹത്തെ അകറ്റിനിര്‍ത്തുന്ന രൂപത്തിലാണ് കോടതി കരുക്കള്‍ നീക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയിലെ അഞ്ചംഗം സുപ്രീംകോടതി വിധിയോടെ ശരീഫിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ അന്ത്യം കുറിച്ചിരിക്കുകയാണ്.

പൊതുപ്രവര്‍ത്തകര്‍ മാന്യമായ പെരുമാറ്റം കാത്തുസൂക്ഷിക്കേണ്ടവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചത്. വിദേശത്ത് അനധികൃത സ്വത്ത് വാരിക്കുട്ടിയ കേസില്‍ ശരീഫിന്റെ മകളും മരുമകനും അന്വേഷണം നേരിടുകയാണ്.

അതേസമയം ഭാര്യയെ കാണാനായി നവാസ് ഷെരീഫ് ലണ്ടനിലാണെന്നാണ് പുതിയ വിവരം. മകളോടൊപ്പം ലണ്ടനിലെത്തിയ നവാസ് ഷെരീഫ് ഉടന്‍ പാക്കിസ്ഥാനിലേക്ക് തിരിക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു. അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍ പ്രധാനമന്ത്രിയുടെ നിലപാട് ഗൗരത്തോടെയാണ് വീക്ഷിക്കുന്നത്.

chandrika: