മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട്ടിലെ രാമനാഥപുരത്തും ലീഗ് മത്സരിക്കുന്നുണ്ട്. ഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് രാമനാഥപുരത്ത് മത്സരിക്കുന്നത്. ലീഗിന്റെ നവാസ് ഖനിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം മണ്ഡലത്തില്‍ നിന്നാണ് സിറ്റിങ് എംപിയായ നവാസ് ഗനി ജനവിധി തേടുന്നത്.
രാമനാഥപുരത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ ലീഗും അണ്ണാ ഡിഎംകെ സഖ്യത്തില്‍ ബിജെപിയും മത്സരിച്ചപ്പോള്‍ വിജയം ലീഗിനായിരുന്നു. നവാസ് ഗനി ബിജെപിയുടെ നൈനാര്‍ നാഗേന്ദ്രനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപിയും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ മത്സരിച്ച ഏക മണ്ഡലം കൂടിയാണ് രാമനാഥപുരം. ലോക്സഭയിലെ മൂന്ന് ലീഗ് എംപിമാരില്‍ ഒരാളാണ് നവാസ് ഗനി. 2011-ല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്ന നവാസ് ഗനി 2019 മുതല്‍ 2020 വരെ ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു.