ന്യൂഡല്‍ഹി: അടുത്തവര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ബി.ജെ.പിക്ക് പുതിയ തിരിച്ചടി. മുന്‍ ബി.ജെ.പി എം.എല്‍.എ നവജ്യോത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇവര്‍ക്കൊപ്പം മുന്‍ ഒളിംപ്യന്‍ പര്‍ഗത് സിങും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നവജ്യോത് കൗര്‍ തന്നെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജുവാല ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വാര്‍ത്താ സമ്മേളനം. കഴിഞ്ഞ ദിവസം ഹൈക്കമാന്റ് വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ നവജ്യോത് കൗറും പര്‍ഗത് സിങും കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് പ്രസിഡണ്ട് അമരീന്ദര്‍ സിങുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ഇതിലാണ് പാര്‍ട്ടി പ്രവേശം സംബന്ധിച്ച് അന്തിമ ധാരണയായത്. തുടര്‍ന്ന് ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ച് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
നവജ്യോത് കൗറിന്റെ ഭര്‍ത്താവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ധുവും നേരത്തെ ബി.ജെ.പി വിട്ടിരുന്നു. സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് നവജ്യോത് കൗറിന്റെ കോണ്‍ഗ്രസ് പ്രവേശം. ഭര്‍ത്താവ് കോണ്‍ഗ്രസില്‍ ചേരുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ഇരു മെയ്യാണെങ്കിലും ഒറ്റ മനസ്സാണെന്നും അതിനാല്‍ വേര്‍പെട്ട് നില്‍ക്കാനാവില്ലെന്നുമായിരുന്നു നവ്‌ജ്യോത് കൗറിന്റെ മറുപടി.