അമൃത്സര്‍: വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പഞ്ചാബ് മുന്‍ പി.സി.സി അധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും. 34 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ സുപ്രിംകോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോണ്‍ഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായത്.
സിദ്ദുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ മോചന വിവരം പങ്കുവെച്ചത്. അധികൃതരുടെ അറിയിപ്പ് ലഭിച്ചത് പ്രകാരമാണ് ട്വീറ്റെന്നും കുറിപ്പിലുണ്ട്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എച്ച്.പി.എസ്. വര്‍മ പി.ടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.