പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ വീഴ്ചയുണ്ടായി എന്ന വിമര്‍ശനത്തിന് പിന്നാലെ മറുപടിയുമായി പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു. ബി.ജെ.പി അവരുടെ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ച ശേഷം കൃത്യമായി നടന്ന സംഭവങ്ങള്‍ പുറത്തവരുന്നത് വരെ കാത്തിരിക്കാന്‍ തയാറാവണമെന്നും മറുപടി നിങ്ങള്‍ക്ക് ലഭിക്കുമെന്നും സിദ്ദു ഓര്‍മപ്പെടുത്തി.
ഇവിടെ ചില തത്തകള്‍ യാതൊരു ചിന്തയുമില്ലാതെ സുരക്ഷ, സുരക്ഷ, സുരക്ഷ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ പ്രധാനപ്പെട്ട തത്ത മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങാണെന്നും സിദ്ദു പരിഹസിച്ചു. രാഷ്ട്രപതി ഭരണം പഞ്ചാബില്‍ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരെല്ലാം ബി.ജെ.പിയുടെ തത്തകളാണെന്നും സിദ്ദു വ്യക്തമാക്കി.
പ്രധാനമന്ത്രിയെ സുരക്ഷരിക്ഷിതമാക്കുന്നതില്‍ പഞ്ചാബ് ഗവണ്‍മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആയതിനാല്‍ ഗവണ്‍മെന്റിനെ പിരിച്ചുവിടണമെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റെ മറുപടി.