X

നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു

അമൃത്സര്‍: ക്രിക്കറ്ററും മുന്‍ ബി.ജെ.പി എം.പിയുമായ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സിദ്ദു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ദു ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ബി.ജെ.പി വിട്ടതിന് ശേഷം സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ബി.ജെ.പി വിട്ടതിന് ശേഷം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ പാര്‍ട്ടിയുമായി സിദ്ദുവിന് മുന്നോട്ട് പോവാനായില്ല. അതിനിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും തിരിച്ചില്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിങ്ങാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം ഭരണകക്ഷിയായ അകാലിദളിനും ബി.ജെ.പിക്കും തിരിച്ചടിയാവും. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ സെപ്തംബറിലാണ് സിദ്ദു, ബി.ജെ.പി വിട്ടത്. സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള പോരാണ്‌ സിദ്ദുവിനെ ബി.ജെ.പിക്ക് പുറത്ത് എത്തിച്ചത്.

chandrika: